ചാവിയേക്കാൾ മികച്ച രീതിയിൽ ബാഴ്സയെ പരിശീലിപ്പിക്കാൻ ആർക്കും കഴിയില്ല:മുൻ ബാഴ്സ താരം!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. പലപ്പോഴും അവർക്ക് തോൽവികളും സമനിലകളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനോട് ഒരു വലിയ തോൽവി ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതോടുകൂടി വലിയ വിമർശനങ്ങളാണ് ബാഴ്സക്കും ചാവിക്കും ഏൽക്കേണ്ടി വന്നത്.
ചാവിയുടെ വിശ്വാസത്തിൽ ഇപ്പോൾ കോട്ടം തട്ടി തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തെ മാറ്റണം എന്നുള്ള ആവശ്യം ഉയർന്ന് കേൾക്കുന്നുമുണ്ട്. എന്നാൽ മുൻ ബാഴ്സലോണ താരമായിരുന്ന ജൂലിയോ ആൽബർട്ടോ ചാവിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ചാവിയെക്കാൾ മികച്ച രീതിയിൽ ബാഴ്സയെ പരിശീലിപ്പിക്കാൻ ആർക്കും സാധിക്കില്ല എന്നാണ് ആൽബർട്ടോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xavi's not going anywhere just yet 🇪🇸 pic.twitter.com/V75gJaMisw
— GOAL (@goal) January 17, 2024
” നിലവിൽ ബാഴ്സയെ ചാവിയെക്കാൾ നല്ല രൂപത്തിൽ പരിശീലിപ്പിക്കാൻ ആർക്കും കഴിയില്ല.നമ്മൾ അദ്ദേഹത്തെ വർക്ക് ചെയ്യാൻ വിടുകയാണ് വേണ്ടത്. എല്ലാ ദിവസവും ചാവിയെ ചോദ്യം ചെയ്യുന്നത് പോസിറ്റീവായ കാര്യമല്ല.അത് ഡെമോക്ലസിന്റെ തലയ്ക്ക് മീതെ തൂങ്ങിക്കിടക്കുന്നത് പോലെയാണ്. നമ്മൾ നിർബന്ധമായും ശാന്തരാവണം. കഴിഞ്ഞ വർഷം ലീഗ് നേടിയത് നമ്മൾ കണ്ടില്ലേ. ബാഴ്സയെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് ചാവി തന്നെ പറഞ്ഞ കാര്യമാണ്.സമാധാനത്തോടുകൂടി വർക്ക് ചെയ്യാൻ അദ്ദേഹത്തെ അനുവദിക്കുകയാണ് വേണ്ടത് “ഇതാണ് മുൻ ബാഴ്സലോണ താരം പറഞ്ഞിട്ടുള്ളത്.
സ്പാനിഷ് സൂപ്പർ കപ്പ് നഷ്ടമായെങ്കിലും ഇപ്പോഴും മൂന്നു കിരീട സാധ്യതകൾ ബാഴ്സലോണക്ക് അവശേഷിക്കുന്നുണ്ട്.കോപ ഡെൽ റേയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക് ക്ലബ്ബാണ് ബാഴ്സലോണയുടെ എതിരാളികൾ. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ബാഴ്സലോണ സജീവമായി കൊണ്ട് തന്നെ രംഗത്തുണ്ട്.