ചാവിയെ നിലനിർത്താൻ ലാപോർട്ട നൽകിയത് രണ്ട് വാഗ്ദാനങ്ങൾ!
എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവി നേരത്തെ രാജി പ്രഖ്യാപനം നടത്തിയിരുന്നു.വിയ്യാറയലിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്.എന്നാൽ അതിനു ശേഷം തകർപ്പൻ പ്രകടനമാണ് ബാഴ്സലോണ നടത്തിയത്. അതുകൊണ്ടുതന്നെ ചാവിയെ നിലനിർത്തണമെന്ന് ആവശ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നിരുന്നു.
ചാവിക്ക് പകരമായി കൊണ്ട് ഒരു മികച്ച പരിശീലകനുമായി ധാരണയിൽ എത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ബാഴ്സ പ്രസിഡണ്ടായ ലാപോർട്ട ചാവിയെ ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ച് ക്ലബ്ബിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു.അത് ഫലം കണ്ടിട്ടുണ്ട്.ഈ സീസണിന് ശേഷവും താൻ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് ഉണ്ടാകും എന്നത് ചാവി തന്നെ അറിയിച്ചിരുന്നു.ലാപോർട്ടയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു ചാവി തന്റെ രാജി പ്രഖ്യാപനം പിൻവലിച്ചത്.
Barça have to make a major sale. Bayern are still interested in Araujo, but Xavi does not want him to leave. Frenkie de Jong and Raphinha are players whose continuity is not assured.
— Barça Universal (@BarcaUniversal) April 27, 2024
— @sport pic.twitter.com/hBP1Pq0ptm
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുപാട് വാഗ്ദാനങ്ങൾ ചാവിക്ക് ലാപോർട്ട നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ട് വാഗ്ദാനങ്ങളാണ് ഉള്ളത്. ബാഴ്സ ബോർഡും കോച്ചിംഗ് സ്റ്റാഫും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കൃത്യമായ രീതിയിൽ നടക്കും എന്നുള്ള ഉറപ്പാണ് ചാവിക്ക് പ്രസിഡന്റിൽ നിന്നും ലഭിച്ചിട്ടുള്ളത്. ബാഴ്സ ബോർഡിൽ നിന്നും വേണ്ടത്ര പിന്തുണ ഈ പരിശീലകൻ ലഭിച്ചിട്ടില്ലായിരുന്നു.അത് ഇപ്പോൾ ഉറപ്പാക്കിയിട്ടുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട ഉറപ്പ് സൈനിങ്ങുകളുടെ കാര്യത്തിലാണ്. ചാവി ആവശ്യപ്പെടുന്ന രൂപത്തിലുള്ള സൈനിങ്ങുകൾ നടത്തിത്തരാം, വരുന്ന സമ്മറിൽ തന്നെ ചാവി ഉദ്ദേശിക്കുന്ന താരങ്ങളെ എത്തിച്ചു നൽകാം എന്നുള്ള ഉറപ്പാണ് പ്രസിഡന്റ് നൽകിയിട്ടുള്ളത്. മധ്യനിരയിലേക്കും മുന്നേറ്റ നിരയിലേക്കും വരുന്ന സമ്മറിൽ ബാഴ്സ സൈനിങ്ങുകൾ നടത്തുമെന്നും റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. ഏതായാലും ഇനി എല്ലാവിധ പിന്തുണയും ചാവിക്ക് ബാഴ്സലോണ മാനേജ്മെന്റിൽ നിന്നും ലഭിച്ചേക്കും.