ചാവിയുടെ പകരക്കാരനെ തപ്പി എങ്ങോട്ടും പോകേണ്ട, ബാഴ്സയിൽ തന്നെയുണ്ട്!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവി ഈ സീസണിന് ശേഷം പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ്. ഇക്കാര്യം ചാവി തന്നെ സ്ഥിരീകരിച്ചിരുന്നു. ടീമിന്റെ മോശം പ്രകടനത്തിലും നിരന്തരം ഏൽക്കേണ്ടിവരുന്ന വിമർശനങ്ങളാലുമാണ് ചാവി രാജി പ്രഖ്യാപിച്ചത്. എന്നാൽ അതിനുശേഷം ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ബാഴ്സ നടത്തുന്നത്.

ചാവിയുടെ രാജി പ്രഖ്യാപിച്ചതിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും ബാഴ്സലോണ പരാജയപ്പെട്ടിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ പോലും അവർ പരാജയപ്പെടുത്തി.ചാവിയെ തന്നെ നിലനിർത്താൻ ബാഴ്സലോണക്ക് താല്പര്യമുണ്ട്. അത് സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ പറയുകയും ചെയ്തിരുന്നു. എന്നാൽ തന്റെ തീരുമാനത്തിൽ മാറ്റമില്ല എന്ന് ചാവി തന്നെ അറിയിച്ചിരുന്നു.

ഏതായാലും അടുത്ത സീസണിലേക്ക് ഒരു പുതിയ പരിശീലകനെ ബാഴ്സലോണക്ക് ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാവിയുടെ പകരക്കാരനെ തപ്പി എങ്ങോട്ടും പോകേണ്ടതില്ല, ബാഴ്സലോണയിൽ തന്നെയുണ്ട് എന്നാണ് അവർ ഈ ലേഖനത്തിൽ പറയുന്നത്. ചാവിയുടെ സഹോദരനായ ഓസ്കാർ ഹെർണാണ്ടസിനെയാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. അതിനൊരു കാരണവുമുണ്ട്.

അതായത് ചാവിയുടെ അസിസ്റ്റന്റ് പരിശീലകനാണ് ഓസ്ക്കാർ. ചാവിക്ക് വിലക്ക് ലഭിക്കുന്ന സമയത്തൊക്കെ ബാഴ്സലോണയെ പരിശീലിപ്പിക്കുന്നത് ഇദ്ദേഹമാണ്. അതായത് ബാഴ്സക്കൊപ്പം ടച്ച് ലൈനിൽ ഇദ്ദേഹമാണ് ഉണ്ടാവുക. ഇങ്ങനെ ആകെ 7 മത്സരങ്ങളിലാണ് ഇദ്ദേഹം സ്റ്റാന്റ് ഇൻ പരിശീലകനായിരിക്കുന്നത്.7 മത്സരങ്ങളിലും ബാഴ്സ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും ഒടുവിൽ കാഡിസിനെതിരെയുള്ള മത്സരത്തിലാണ് ബാഴ്സലോണ ഇദ്ദേഹത്തിന്റെ കീഴിൽ വിജയിച്ചിട്ടുള്ളത്.ചാവി ക്ലബ്ബ് വിട്ടാലും ഇദ്ദേഹത്തെ പരിഗണിക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്. പക്ഷേ ബാഴ്സലോണ ഇത്തരത്തിലുള്ള പരിഗണനകൾ ഒന്നും നൽകുന്നില്ല. ബാഴ്സലോണ ബി ടീമിന്റെ പരിശീലകനായ റഫയേൽ മാർക്കസിനെ നിയമിക്കാനാണ് ഇപ്പോൾ ബാഴ്സലോണ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *