ചരിത്രം കുറിച്ച് അർജന്റൈൻ വണ്ടർകിഡ്, ലാലിഗയിൽ റെക്കോർഡിട്ടു

ഇന്നലെ നടന്ന റയൽ മാഡ്രിഡ്‌-റയൽ മയ്യോർക്ക മത്സരം സാക്ഷ്യം വഹിച്ചത് മറ്റൊരു ചരിത്രനേട്ടത്തിനായിരുന്നു. മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുട്ടിൽ മയ്യോർക്കയുടെ ഇദ്രിസു ബാബക്ക് പകരമായി കളിക്കളത്തിലേക്ക് എത്തിയത് ഒരു പതിനഞ്ച് വയസ്സുകാരനായ പയ്യനാണ്. മയ്യോർക്കക്ക് വേണ്ടി ലൂക്ക റോമെറോ എന്ന പയ്യൻ കളത്തിലേക്കിറങ്ങിയപ്പോൾ താരത്തിന്റെ വയസ്സ് പതിനഞ്ച് വർഷവും 219 ദിവസവുമാണ്. ലാലിഗയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞു താരം എന്ന റെക്കോർഡ് ഈ അർജന്റൈൻ താരത്തിനാണ്.അദ്ദേഹം തകർത്തതോ എൺപത് വർഷം പഴക്കമുള്ള റെക്കോർഡും. എൺപത് വർഷങ്ങൾക്ക് മുൻപ് സെൽറ്റ വീഗൊ പ്രതിരോധനിര താരമായിരുന്ന സാൻസൺ ആയിരുന്നു ഈ റെക്കോർഡ് കുറിച്ചിരുന്നത്. ഇത്രയും കാലം ലാലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന നേട്ടം സാൻസണിന്റെ പേരിലായിരുന്നു. ഇതാണിപ്പോൾ റോമെറോ തിരുത്തി കുറിച്ചത്.

അർജന്റീനയിലെ പ്രാദേശിക ഫുട്‍ബോളർ ആയിരുന്ന ഡിയാഗോ റോമെറോയുടെ മകനായിട്ടായിരുന്നു ലൂക്ക റോമെറോ ജനിക്കുന്നത്. എന്നാൽ താരം പിറവി കൊണ്ട സ്ഥലം മെക്സിക്കൻ സിറ്റിയായ ഡുറങ്കോയിലായിരുന്നു. പിന്നീട് സ്പൈനിലേക്ക് താമസം മാറുകയായിരുന്നു ഇവരുടെ കുടുംബം. എന്നാൽ അർജന്റീനയെ മറക്കാൻ താരം ഒരുക്കമായിരുന്നില്ല. കഴിഞ്ഞ വർഷം പരാഗ്വയിൽ വെച്ച് നടന്ന അണ്ടർ 15 സുഡാമേരിക്കാന ടൂർണമെന്റിൽ അർജന്റീനയെ പ്രതിനിധീകരിച്ച് ഇദ്ദേഹം ജേഴ്‌സി അണിയുകയും ചെയ്തു. ലാലിഗ പുനരാരംഭിച്ചത് മുതൽ താരം മയ്യോർക്കയുടെ ഫസ്റ്റ് ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് അരങ്ങേറാനുള്ള അവസരം ലഭിച്ചത്. ” അദ്ദേഹത്തിന് പന്ത്രണ്ട് വയസ്സായ അന്ന് മുതൽ ഞങ്ങൾ അദ്ദേഹത്തെ കാണുന്നുണ്ട്. ഞങ്ങൾക്ക് എത്രയും പെട്ടന്ന് താരത്തെ ഉയർത്തി കൊണ്ട് വരാൻ കഴിയില്ല. കാരണം അദ്ദേഹം ചെറുപ്പമാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ അതീവശ്രദ്ധ പുലർത്തുന്നുമുണ്ട്. തീർച്ചയായും തന്റെ സമപ്രായക്കാരെക്കാളും ഏറെ മുൻപന്തിയിൽ നിൽക്കുന്ന പ്രകടനമാണ് താരം പണ്ട് മുതലേ കാഴ്ച്ചവെക്കുന്നത്. എന്നാൽ ശാരീരികമായി താരം ഫിറ്റ്‌ ആവാനുണ്ടായിരുന്നു. പ്രത്യേകിച്ച് സീനിയർ താരങ്ങളുടെ ഇടയിൽ കളിക്കുമ്പോൾ. തീർച്ചയായും അദ്ദേഹത്തിന്റെ ബോഡിയും കാലുകളും സജ്ജമായതായി ഞങ്ങളിന്ന് കണ്ടു ” മയ്യോർക്കയുടെ അസിസ്റ്റന്റ് കോച്ച് ആയ ഡാനി പെൻഡിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *