ചരിത്രം,റെക്കോർഡ് കുറിച്ച് അന്റോയിൻ ഗ്രീസ്മാൻ!

ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ നഗര വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. മൂന്നിനെതിരെ 5 ഗോളുകൾക്കാണ് റയൽ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. തികച്ചും ആവേശകരമായ ഒരു മത്സരമായിരുന്നു അൽ നസ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ട് നടന്നിരുന്നത്. അടിയം തിരിച്ചടിയും കണ്ട മത്സരം എക്സ്ട്രാ ടൈമിന് ശേഷമാണ് അവസാനിച്ചത്.

ഈ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോൾ കണ്ടെത്താൻ ഫ്രഞ്ച് സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാന് സാധിച്ചിരുന്നു. മത്സരത്തിന്റെ 37ആം മിനിട്ടിലാണ് ഗ്രീസ്മാൻ കിടിലൻ ഗോൾ നേടിയത്.ഡി പോളിന്റെ പാസ് സ്വീകരിച്ച ഗ്രീസ്മാൻ റയൽ പ്രതിരോധനിരയെ കബളിപ്പിച്ച് തകർപ്പൻ ഷോട്ടിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു.ഈ ഗോൾ ചരിത്രം കുറിച്ചിട്ടുണ്ട്.

അതായത് അത്ലറ്റിക്കോ മാഡ്രിഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി മാറാൻ ഈ ഗോളിലൂടെ ഗ്രീസ്മാന് സാധിച്ചിട്ടുണ്ട്. 174 ഗോളുകളാണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗ്രീസ്മാൻ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 2019ൽ ഇദ്ദേഹം ക്ലബ്ബ് വിട്ടുകൊണ്ട് ബാഴ്സലോണയിലേക്ക് പോയിരുന്നു. പക്ഷേ 2021ൽ ഇദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. തന്റെ സെക്കൻഡ് സ്പെല്ലിലാണ് ഈ നേട്ടം ഗ്രീസി സ്വന്തമാക്കിയിട്ടുള്ളത്.

173 ഗോളുകൾ ക്ലബ്ബിന് വേണ്ടി നേടിയിരുന്ന ലൂയിസ് അരാഗോനസിനെയാണ് ഗ്രീസ്മാൻ മറികടന്നിട്ടുള്ളത്. പക്ഷേ ഈ റെക്കോർഡ് നേട്ടത്തിനിടയിലും തോൽവി താരത്തെ നിരാശനാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ് സൂപ്പർ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു. ബാഴ്സയും ഒസാസുനയും തമ്മിൽ ഏറ്റുമുട്ടുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് റയൽ മാഡ്രിഡ് ഫൈനലിൽ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *