ഗ്രീസ്‌മാൻ ബാഴ്‌സയിൽ തിളങ്ങാത്തതിന്റെ കാരണം വിശദീകരിച്ച് താരത്തിന്റെ മുൻ സഹതാരം !

ഏറെ പ്രതീക്ഷകളോട് കൂടി അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും എഫ്സി ബാഴ്സലോണയിലേക്ക് എത്തിയ താരമാണ് അന്റോയിൻ ഗ്രീസ്‌മാൻ. എന്നാൽ താരത്തിന് തിളങ്ങാൻ സാധിച്ചില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ സീസണിലും ഈ സീസണിലും താരത്തിന്റെ പേരിനും പെരുമക്കുമൊത്ത പ്രകടനം നടത്താൻ ഈ ഫ്രഞ്ച് താരത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിനുള്ള കാരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വേൾഡ് കപ്പ് ജേതാവും ഗ്രീസ്‌മാന്റെ മുൻ സഹതാരവുമായ ബ്ലൈസ് മറ്റിയൂഡി. ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മറ്റിയൂഡി ഗ്രീസ്‌മാനെ കുറിച്ച് സംസാരിച്ചത്. ഗ്രീസ്‌മാന്‌ വേണ്ട പൊസിഷൻ ബാഴ്സ നൽകാത്തതാണ് ഇതിനൊക്കെ കാരണമെന്നാണ് മറ്റിയൂഡി പറയുന്നത്. നിലവിൽ എംഎൽഎസ് ക്ലബായ ഇന്റർമിയാമിക്ക് വേണ്ടിയാണ് മറ്റിയൂഡി കളിക്കുന്നത്.

” ഗ്രീസ്‌മാൻ ഇഷ്ടപ്പെടുന്ന ഒരു പൊസിഷനിൽ അല്ല നിലവിൽ അദ്ദേഹം ബാഴ്സയിൽ കളിക്കുന്നത്. പക്ഷെ അദ്ദേഹം തന്റെ ഫോം കണ്ടെത്തും. അദ്ദേഹം ടീമിനോട് ഇണങ്ങുകയും അദ്ദേഹം ഗോളുകൾ കണ്ടെത്തുകയും ചെയ്യും. പക്ഷെ മറ്റൊരു ഭാഗം നോക്കൂ. കഴിഞ്ഞ പോർച്ചുഗല്ലിനെതിരെയുള്ള മത്സരത്തിൽ 1-0 എന്ന സ്കോറിനാണ് ഫ്രാൻസ് വിജയിച്ചത്. ആ മത്സരത്തിൽ മികച്ച പ്രകടനമാണ് ഗ്രീസ്‌മാൻ പുറത്തെടുത്തത്. കാരണം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന പൊസിഷനിൽ ആണ് അദ്ദേഹം കളിക്കുന്നത്. ആ ഗ്രീസ്‌മാനെയാണ് ഞങ്ങൾ ഓരോരുത്തരും കാണാൻ ആഗ്രഹിക്കുന്നത്. തീർച്ചയായും അത് തുടരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ബാഴ്സയിൽ അദ്ദേഹത്തിന് ആവിശ്യമായ പൊസിഷൻ ലഭിച്ചാൽ അവിടെയും തിളങ്ങാൻ താരത്തിന് സാധിക്കും ” മറ്റിയൂഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *