ഗ്രീസ്‌മാൻ അത്ലറ്റിക്കോയിലെത്തുമോ? പ്രസിഡന്റ്‌ പറയുന്നു!

എഫ്സി ബാഴ്സലോണ താരമായ അന്റോയിൻ ഗ്രീസ്‌മാൻ തന്റെ മുൻ ക്ലബായ അത്ലറ്റിക്കോയിലേക്ക് മടങ്ങുമെന്നുള്ള വാർത്തകൾ ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സജീവമായി തുടങ്ങിയത്. സോൾ നിഗസിനെ ഉൾപ്പെടുത്തിയുള്ള സ്വേപ് ഡീൽ നടന്നേക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതിലൊരു പുരോഗതിയും ഉണ്ടായില്ല. ഇപ്പോഴിതാ ഗ്രീസ്‌മാൻ അത്ലറ്റിക്കോയിലേക്ക് മടക്കി കൊണ്ടുവരൽ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ക്ലബ്ബിന്റെ പ്രസിഡന്റായ എൻറിക്വ സെറീസോ.ഗ്രീസ്‌മാൻ തിരികെ എത്താനുള്ള സാധ്യതകൾ തങ്ങൾ തള്ളികളയുന്നില്ലെന്നും എന്നാൽ താരത്തെ സൈൻ ചെയ്യുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ലെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം കഡേന കോപേ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ഞങ്ങൾ ഒന്നും തന്നെ തള്ളികളയുന്നില്ല.പക്ഷേ ഞങ്ങൾക്ക്‌ ഇപ്പോൾ പറയാൻ പറ്റുന്ന കാര്യം ഗ്രീസ്‌മാനെ സൈൻ ചെയ്യുക എന്നുള്ളത് എളുമമല്ല എന്നുള്ളതാണ്. ഞങ്ങൾ പുതിയ വാർത്തകൾക്കായി കാത്തിരിക്കുകയാണ്.ഏതായാലും ഗ്രീസ്‌മാനെ തിരികെ എത്തിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു ദൗത്യമാണ് ” ഇതാണ് അത്ലറ്റിക്കോ പ്രസിഡന്റ്‌ പറഞ്ഞത്.

ആഴ്ച്ചകൾക്ക് മുമ്പ് ഇതേ വിഷയത്തിൽ ഇദ്ദേഹത്തോട് അഭിപ്രായം തേടിയിരുന്നു. അന്ന് ഇദ്ദേഹം പറഞ്ഞത് ഫുട്‍ബോളിൽ എല്ലാം സാധ്യമാണ് എന്നായിരുന്നു. ” എനിക്കിതേ കുറിച്ച് വലിയ ധാരണയൊന്നുമില്ല.അവർ എന്നോട് ആശയവിനിമയമൊന്നും നടത്തിയിട്ടില്ല.ചർച്ചകൾ ഏത് രൂപത്തിൽ മുന്നോട്ട് പോവുന്നു എന്നുള്ളത് എനിക്കറിയില്ല.പക്ഷേ എന്ത് സംഭവിക്കും എന്നറിയാൻ അധികനാൾ കാത്തിരിക്കേണ്ടി വരില്ല.ഫുട്ബോൾ ലോകത്ത് എല്ലാം സാധ്യമാണ്.പക്ഷേ ഗ്രീസ്‌മാന്റെ വിഷയത്തിൽ എനിക്ക് വ്യക്തമായ ധാരണകൾ ഇല്ല ” ഇതായിരുന്നു അന്ന് പ്രസിഡന്റ്‌ പറഞ്ഞത്.

അന്ന് ആരാധകർക്ക്‌ ചെറിയ പ്രതീക്ഷകൾ ജനിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് നഷ്ടമായ സ്ഥിതിയാണ്. അത്കൊണ്ട് തന്നെ നിലവിൽ ഗ്രീസ്‌മാൻ ബാഴ്‌സയിൽ തന്നെ തുടരാനാണ് സാധ്യത കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *