ഗ്രീസ്‌മാന്‌ പരിക്ക് മൂലം ഒന്നിൽ കൂടുതൽ മത്സരങ്ങൾ നഷ്ടമാവുന്നു, എട്ട് വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണ തങ്ങളുടെ സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്‌മാന് പരിക്ക് മൂലം മത്സരങ്ങൾ നഷ്ടമാവുമെന്ന് ഔദ്യോഗികവെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചത്. താരത്തിന്റെ വലതുകാലിനേറ്റ മസിൽ ഇഞ്ചുറിയാണ് താരത്തിന് വിനയായത്. റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ ആദ്യപകുതിക്ക് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച താരത്തെ സെറ്റിയൻ പിൻവലിച്ചിരുന്നു. കൂടുതൽ വിശദമായ പരിശോധനക്ക് ശേഷമാണ് ഗ്രീസ്‌മാന് ഈ ലാലിഗയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നഷ്ടമാവുമെന്ന് വ്യക്തമായാത്. കൂടാതെ നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുമോ എന്നുറപ്പുമില്ല. എന്നാൽ ഗ്രീസ്‌മാന്‌ പരിക്ക് മൂലം മത്സരം നഷ്ടമാവുക എന്നുള്ളത് അപൂർവമായ ഒരു കാര്യമാണ്. മിക്ക സമയങ്ങളിലും പൂർണ്ണഫിറ്റ്നസ് നിലനിർത്തുന്ന താരം വല്ലപ്പോഴും മാത്രമേ പരിക്കിന്റെ പിടിയിലാവാറൊള്ളൂ. ഇതിന് മുൻപ് 2017 ഡിസംബറിൽ ആയിരുന്നു പരിക്ക് മൂലം താരത്തിന് ഒരു മത്സരം നഷ്ടമായാത്.

2017 ഡിസംബറിൽ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് താരത്തിന് അവസാനമായി പരിക്കേറ്റത്. അന്ന് താരത്തിന് ഒരു മത്സരം മാത്രമാണ് നഷ്ടമായാത്. അതിന് ശേഷം താരം കളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ പരിക്ക് കാരണം താരത്തിന് ഒന്നിൽ കൂടുതൽ മത്സരങ്ങൾ നഷ്ടമായത് എട്ട് വർഷങ്ങൾക്ക് മുൻപായിരുന്നു. 2012-ൽ ഗ്രീസ്‌മാൻ റയൽ സോസിഡാഡിന് വേണ്ടി കളിക്കുന്ന സമയത്തായിരുന്നു അത്. അന്നും മസിൽ ഇഞ്ചുറി മൂലം മൂന്ന് മത്സരങ്ങൾ ആണ് ഗ്രീസ്‌മാന്‌ നഷ്ടമായത്. അതിന് ശേഷം അത്ലറ്റികോ മാഡ്രിഡ്‌, ബാഴ്സലോണ, ഫ്രാൻസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച താരത്തിന് ഒന്നിൽ കൂടുതൽ മത്സരങ്ങൾ നഷ്ടമാക്കേണ്ടി വന്നിരുന്നില്ല. ഏതായാലും ഈ പരിക്ക് താരത്തിനിപ്പോൾ വിനയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *