ഗോൾ വേട്ട തുടർന്ന് ഡീപേ, യുവന്റസിനെ തകർത്തു വിട്ട് ബാഴ്‌സ!
സൂപ്പർ താരം മെംഫിസ് ഡീപേ ഗോളും അസിസ്റ്റുമായി തിളങ്ങിയപ്പോൾ എഫ്സി ബാഴ്സലോണക്ക് ഉജ്ജ്വല വിജയം. ജോയൻ ഗാമ്പർ ട്രോഫിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസിനെ തകർത്തു വിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്ന യുവന്റസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ബാഴ്‌സ കാഴ്ച്ചവെച്ചത്. ഡീപേ, ബ്രൈത്വെയിറ്റ്, പുജ് എന്നിവരാണ് ബാഴ്‌സയുടെ ഗോളുകൾ നേടിയത്. ഇതോടെ ജോയൻ ഗാമ്പർ ട്രോഫി കരസ്ഥമാക്കാൻ ബാഴ്‌സക്കായി.
𝙁𝙐𝙇𝙇 𝙏𝙄𝙈𝙀 !! #BarçaJuve #TrofeuGamper @EstrellaDammUK pic.twitter.com/T2Hz1zCMnq
— FC Barcelona (@FCBarcelona) August 8, 2021
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡീപേ ബാഴ്‌സക്ക് ലീഡ് നേടികൊടുത്തിരുന്നു.ഡെമിറിന്റെ പാസിൽ നിന്നാണ് ഡീപേ ഗോൾ കണ്ടെത്തിയത്.പിന്നീട് രണ്ടാം പകുതിയുടെ 56-ആം മിനുട്ടിലാണ് ബ്രൈത്വെയിറ്റിന്റെ ഗോൾ പിറക്കുന്നത്. ഡീപേ യുടെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡറിലൂടെയാണ് താരം വല കുലുക്കിയത്.90-ആം മിനുട്ടിലാണ് പുജിന്റെ ഗോൾ പിറന്നത്.നിക്കോ ഗോൺസാലസ് നൽകിയ ബോൾ ഒരു തകർപ്പൻ ഷോട്ടിലൂടെ പുജ് വലയിൽ എത്തിക്കുകയായിരുന്നു.