ഗോൾ വരൾച്ച നേരിട്ട് ലെവന്റോസ്ക്കി, ബാഴ്സക്ക് തലവേദന.
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ ഗെറ്റാഫെയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45നാണ് ഈയൊരു മത്സരം നടക്കുക.ഗെറ്റാഫെയുടെ മൈതാനത്താണ് ഈ മത്സരം അരങ്ങേറുക.അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ബാഴ്സക്ക് വിജയം അനിവാര്യമാണ്.
ബാഴ്സക്കും അവരുടെ പരിശീലകനായ സാവിക്കും ഇപ്പോൾ തലവേദന സൃഷ്ടിക്കുന്ന കാര്യം സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ ഫോമിൽ ഇടിവ് സംഭവിച്ചു എന്നുള്ളതാണ്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി അവസാനമായി കളിച്ച 8 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് ഈ താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അവസാനമായി കളിച്ച 19 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് ലെവന്റോസ്ക്കി നേടിയിട്ടുള്ളത്.
Xavi: "Lewandowski wants to help team. He played several times with pain. He is a leader." pic.twitter.com/Uri2x5XF5d
— Barca Galaxy 🇵🇱 (@barcagalaxy) April 15, 2023
ലെവന്റോസ്ക്കിയെ പോലെയുള്ള ഒരു താരത്തിൽ നിന്നും ഇതിനെക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.റയൽ മാഡ്രിഡിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാഴ്സ പരാജയപ്പെട്ടത്. ആ മത്സരത്തിൽ ഈ സൂപ്പർതാരത്തിന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.താരത്തിന്റെ ഫോമിൽ ഇടിവ് സംഭവിച്ചതോടെ ബാഴ്സക്ക് ഗോൾ ക്ഷാമം നേരിടേണ്ടി വരുന്നുമുണ്ട്.
ഈ ലാലിഗയിൽ മൊത്തത്തിൽ മികച്ച പ്രകടനം തന്നെയാണ് ഈ സ്ട്രൈക്കർ പുറത്തെടുക്കുന്നത്. 17 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ബാഴ്സ ഇപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളത് ഈ താരം തന്നെയാണ്. പക്ഷേ കിരീടം നേടണമെങ്കിൽ ലെവന്റോസ്ക്കി ഫോമിലേക്ക് മടങ്ങി എത്തേണ്ടതുണ്ട്. മാത്രമല്ല ബിഗ് മാച്ചുകളിൽ താരത്തിന് തിളങ്ങാൻ സാധിക്കാതെ പോകുന്നതും ക്ലബ്ബിന് തിരിച്ചടിയാണ്.