ഗോൾവരൾച്ചയ്ക്ക് വിരാമമിട്ടു, ഗ്രീസ്‌മാനെ പ്രശംസിച്ച് സെറ്റിയൻ

അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിന് ശേഷം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു സെറ്റിയൻ-ഗ്രീസ്‌മാൻ വിഷയം. താരത്തിന് ആദ്യഇലവനിൽ ഇടം നൽകാൻ സെറ്റിയൻ തയ്യാറായില്ല എന്ന് മാത്രമല്ല തൊണ്ണൂറാം മിനിറ്റിൽ താരത്തെ ഇറക്കി കേവലം രണ്ട് മിനിറ്റുകൾക്ക് ശേഷം മത്സരം അവസാനിക്കുകയും ചെയ്യുകയായിരുന്നു. ഇത് ഗ്രീസ്‌മാനെ പോലെ ഒരു താരത്തെ അപമാനിക്കുന്നതിന് തുല്യമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ നടന്ന വിയ്യാറയലിനെതിരായ മത്സരത്തിൽ ഗ്രീസ്‌മാൻ ആദ്യഇലവനിൽ ഇടം കണ്ടെത്തിയിരുന്നു. കൂടാതെ ഒരു മനോഹരമായ ഗോൾ നേടാനും സാധിച്ചു. ബാഴ്സ നേടിയ ഒന്നാമത്തെ ഗോളും താരത്തിന്റെ ഇടപെടൽ മൂലം ലഭിച്ചതായിരുന്നു. മത്സരശേഷം താരത്തെ പ്രശംസിച്ച് കൊണ്ട് ബാഴ്സ പരിശീലകൻ സെറ്റിയൻ രംഗത്ത് വന്നിരുന്നു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഗ്രീസ്‌മാനെ പരാമർശിച്ചതെന്ന് എഎസ്സ് റിപ്പോർട്ട്‌ ചെയ്യുന്നു.

” അദ്ദേഹം സ്വയം തന്നെ കാര്യങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. അതുവഴി അദ്ദേഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞാൻ സംതൃപ്തനാണ്. അദ്ദേഹം നേടിയ ഗോളും ഏറെ മനോഹരമായിരുന്നു. അദ്ദേഹത്തിന്റെ ഗോൾ എന്നെ മുൻപ് ലയണൽ മെസ്സി റയൽ ബെറ്റിസിനെതിരെ നേടിയ ഗോളിനെ ഓർമ്മിപ്പിക്കുകയും ചെയ്തു ” ഗ്രീസ്‌മാനെ പറ്റി സെറ്റിയൻ പറഞ്ഞു. അതേ സമയം ടീമിന്റെ പ്രകടനത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ” എല്ലാ ടീമുകളും വ്യത്യസ്തരാണ്. ഇന്ന് ഞങ്ങൾ ഞങ്ങളെകൊണ്ട് സാധ്യമായതെല്ലാം ചെയ്തു. മുൻപ് കളിച്ച അത്ലറ്റികോ, സെവിയ്യ എന്നിവരുടെ ഡിഫൻസ് ഞങ്ങൾ ൾക്ക് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിജയം ഞങ്ങൾക്ക് ഏറെ സഹായം ചെയ്യും. നല്ല രീതിയിൽ തന്നെ എതിരാളികളെ പ്രെസ്സ് ചെയ്തു തോൽപിപ്പിക്കാനായി. ഇത്പോലെ തന്നെ മുന്നോട്ട് പോവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *