ഗോളും അസിസ്റ്റുമായി ബെൻസിമ, റയൽ കിരീടത്തിലേക്ക്

നായകൻ സെർജിയോ റാമോസിന്റെ അഭാവത്തിൽ കരിം ബെൻസിമ മുന്നിൽ നിന്ന് നയിച്ചപ്പോൾ റയൽ മാഡ്രിഡിന് ജയം. ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിയഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഡീപോർട്ടീവോ അലാവസിനെയാണ് റയൽ തകർത്തു വിട്ടത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച ബെൻസിമയാണ് റയലിന്റെ ഇന്നലത്തെ വിജയശില്പി. റയലിന്റെ രണ്ടാം ഗോൾ അസെൻസിയോയുടെ വകയായിരുന്നു. ജയത്തോടെ കിരീടത്തിന്റെ തൊട്ടടുത്തെത്താൻ റയലിന് കഴിഞ്ഞു. ഒന്നാമതുള്ള റയൽ മാഡ്രിഡിനിപ്പോൾ എൺപത് പോയിന്റ് സമ്പാദ്യമായുണ്ട്. ഇനി മൂന്ന് മത്സരങ്ങൾ ലീഗിൽ ശേഷിക്കെ നാല് പോയിന്റിന് പിറകിലാണ് രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണ.

സസ്‌പെൻഷൻ മൂലം നായകൻ സെർജിയോ റാമോസ് പുറത്തിരിക്കേണ്ടി വന്ന മത്സരമായിരുന്നു ഇത്. ലുക്കാസ് വാസ്‌കസിനെ പ്രതിരോധനിരയിൽ പരീക്ഷിച്ചു കൊണ്ടാണ് സിദാൻ ഇന്നലെ ഇലവനെ കളത്തിലേക്ക് വിട്ടത്. ബെൻസിമ-അസെൻസിയോ- റോഡ്രിഗോ എന്നിവർ മുന്നേറ്റത്തെ നയിച്ചു. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിലാണ് റയൽ ആദ്യഗോൾ നേടുന്നത്. ബോക്സിനകത്ത് വെച്ച് ഫെർലാൻഡ് മെന്റിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ബെൻസിമ ഒരു പിഴവും കൂടാതെ ലക്ഷത്തിലെത്തിച്ചു. പിന്നീടും ഗോൾ നേടാൻ റയൽ മാഡ്രിഡ്‌ ശ്രമങ്ങൾ നടത്തി. മറുഭാഗത്ത്‌ അലാവസും നല്ല രീതിയിൽ അക്രമണങ്ങൾ നടത്തിയെങ്കിലും പലപ്പോഴും കോർട്ടുവ രക്ഷകനാവുകയായിരുന്നു. ആദ്യപകുതിയിൽ പെനാൽറ്റി ഗോളിന്റെ ലീഡിൽ കളം വിട്ട റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടാം ഗോളും നേടി. ബെൻസിമയുടെ പാസിൽ നിന്ന് അസെൻസിയോയാണ് ഗോൾ വല ചലിപ്പിച്ചത്. തുടക്കത്തിൽ ഓഫ്‌സൈഡ് ആണ് എന്ന സംശയം ഉയർന്നുവെങ്കിലും VAR ചെക്ക് ചെയ്ത റഫറി ഗോൾ അനുവദിക്കുകയായിരുന്നു. തുടർന്നും റയൽ ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അലാവസ് ഗോൾകീപ്പർ റോബർട്ടോ ധീരമായ ഇടപെടലുകൾ അവരെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നും രക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *