ഗോളും അസിസ്റ്റുമായി അർജന്റൈൻ സൂപ്പർ താരം, സെവിയ്യക്ക് ജയം

നീണ്ട ഒരിടവേളക്ക് ശേഷം ലാലിഗ വീണ്ടും തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ സെവിയ്യക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെവിയ്യ നഗരവൈരികളായ റയൽ ബെറ്റിസിനെ തകർത്തു വിട്ടത്. രണ്ടാം പകുതിയിൽ ആറ് മിനുറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് സെവിയ്യക്ക് ജയം നേടിക്കൊടുത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ അർജന്റൈൻ സൂപ്പർ താരം ലൂക്കാസ് ഒകമ്പസാണ് സെവിയ്യക്ക് ജയം എളുപ്പമാക്കി കൊടുത്തത്. ശേഷിച്ച ഒരു ഗോൾ ബ്രസീലിയൻ താരം ഫെർണാണ്ടോയാണ് നേടിയത്. മുനീർ ഡിജോംഗ്, ലൂക്കാസ് ഒകമ്പസ് എന്നീ താരങ്ങളെ മുന്നേറ്റനിരയിൽ അണിനിരത്തിയാണ് സെവിയ്യ ആദ്യഇലവനെ കളത്തിലേക്കിറക്കി വിട്ടത്.

പ്രതീക്ഷിച്ച പോലെ തന്നെ ആദ്യം മുതലേ കളം നിറഞ്ഞ് കളിക്കാൻ സെവിയ്യക്കായി. പത്താം മിനുട്ടിൽ ഒകമ്പസിന്റെ ഒരു തകർപ്പൻ ഷോട്ട് ബാറിലിടിച്ച് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീടും ഗോൾ നേടാൻ നിരവധി അവസരങ്ങൾ സെവിയ്യക്ക് ലഭിച്ചുവെങ്കിലും ആദ്യപകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ 56-ആം മിനുട്ടിലാണ് ആദ്യഗോൾ നേടിയത്. സെവിയ്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഒകമ്പസ് ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് 62-ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. ഒകമ്പസിന്റെ അതിവിദഗ്ധമായ കോർണർ ഒരു ഹെഡറിലൂടെ ബ്രസീലിയൻ താരം ഫെർണാണ്ടോ വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ തിരിച്ചു വരവിനായി ബെറ്റിസ്‌ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ജയത്തോടെ സെവിയ്യ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി. അൻപത് പോയിന്റ് ആണ് സെവിയ്യയുടെ സമ്പാദ്യം. ബെറ്റിസാവട്ടെ പന്ത്രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *