ഗോളടിക്കുമെന്ന് പറഞ്ഞു,ഗോളടിച്ചു : റാഫീഞ്ഞയുടെ മികവിൽ റയലിനെ പരാജയപ്പെടുത്തി ബാഴ്സ!
ഒരല്പം മുൻപ് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വമ്പൻമാരായ ബാഴ്സക്ക് വിജയം. ചിരവൈരികളായ റയൽ മാഡ്രിഡിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റാഫീഞ്ഞ നേടിയ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്.
ലെവന്റോസ്ക്കി,ഫാറ്റി,റഫീഞ്ഞ എന്നിവരായിരുന്നു ബാഴ്സയുടെ മുന്നേറ്റ നിരയിൽ അണിനിരന്നിരുന്നത്.വിനീഷ്യസ്,ഹസാർഡ്,റോഡ്രിഗോ എന്നിവരാണ് റയലിന്റെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്.മത്സരത്തിന്റെ 27 മിനിട്ടിലാണ് ബാഴ്സയുടെ വിജയ ഗോൾ പിറന്നത്.റയൽ താരമായ മിലിറ്റാവോയുടെ പിഴവിൽ നിന്നും ലഭിച്ച പന്ത് ഒരു തകർപ്പൻ ഷോട്ടിലൂടെ റാഫീഞ്ഞ വലയിൽ എത്തിക്കുകയായിരുന്നു.മത്സരത്തിന് മുന്നേ റയലിനെതിരെ ഗോൾ നേടണമെന്ന് റാഫീഞ്ഞ പറഞ്ഞിരുന്നു.ആ വാക്ക് പാലിക്കാൻ താരത്തിന് സാധിക്കുകയായിരുന്നു.
FULL TIME! #ElClásico 🇺🇸 pic.twitter.com/J2S3hIkY6k
— FC Barcelona (@FCBarcelona) July 24, 2022
രണ്ടാം പകുതിയിൽ രണ്ട് ടീമുകളും നിരവധി മാറ്റങ്ങൾ വരുത്തി. സൗഹൃദമത്സരമായിരുന്നിട്ടു പോലും പലപ്പോഴും മത്സരം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. പിന്നീട് അസെൻസിയോക്ക് ഗോൾ നേടാനുള്ള ഒരു അവസരം ലഭിച്ചുവെങ്കിലും മുതലെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.പിന്നീട് ബാഴ്സ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും റയൽ മാഡ്രിഡ് ഗോൾ കീപ്പറായ കോർട്ടുവ വിലങ്ങ് തടിയാവുകയായിരുന്നു.
ഏതായാലും റയലിനെതിരെയുള്ള ഈ വിജയം ബാഴ്സക്കും ബാഴ്സയുടെ പരിശീലകനായ സാവിക്കും ആശ്വാസം നൽകുന്ന കാര്യമാണ്.