ഗംഭീര പ്രകടനവുമായി മോഡ്രിച്ച്, പ്രശംസിച്ച് കാർലോ ആഞ്ചലോട്ടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് അവർ എസ്പനോളിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ ആദ്യം റയൽ മാഡ്രിഡ് ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ പിന്നീട് 4 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് റയൽ വിജയം പിടിച്ചു വാങ്ങി.എംബപ്പേ,വിനീഷ്യസ്,റോഡ്രിഗോ,കാർവ്വഹൽ എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.
ഒരിടവേളക്കുശേഷം ലൂക്ക മോഡ്രിച്ച് മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു.മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മത്സരത്തിൽ ഏറ്റവും കൂടുതൽ ടച്ചുകളും ഏറ്റവും കൂടുതൽ പാസുകളും കൃത്യതയാർന്ന പാസുകളും നൽകിയത് മോഡ്രിച്ച് തന്നെയാണ്.രണ്ട് ബിഗ് ചാൻസുകൾ അദ്ദേഹം ക്രിയേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഈ പ്രായത്തിലും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മത്സരശേഷം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി മോഡ്രിച്ചിനെ പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കൂടുതൽ മിനിറ്റുകൾ കളിക്കുമ്പോൾ എല്ലാ താരങ്ങളും കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്യുക.മോഡ്രിച്ചും അങ്ങനെ തന്നെയാണ്.സ്റ്റാർട്ട് ചെയ്താലും പകരക്കാരനായി ഇറങ്ങിയാലും തന്റെ മാക്സിമം ലെവൽ മോഡ്രിച്ച് നൽകിയിരിക്കും.എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗ്യാരണ്ടിയാണ് അദ്ദേഹം. ഏറ്റവും മികച്ച പ്രകടനം അദ്ദേഹത്തിൽ നിന്നും നമുക്ക് ലഭിച്ചിരിക്കും “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതേസമയം 90 മിനിട്ട് കളിക്കാൻ കഴിഞ്ഞതിൽ മോഡ്രിച്ച് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും നല്ല നിലയിലാണ് ഇപ്പോൾ ഉള്ളതെന്നും മോഡ്രിച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്. നിരവധി യുവ സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ട് തന്നെ 38 കാരനായ മോഡ്രിച്ചിന് ഇപ്പോൾ വേണ്ടത്ര അവസരങ്ങൾ ലഭിക്കാറില്ല.