ഖലീഫിയെ വകവെക്കുന്നില്ല, റയലിന്റെ ലക്ഷ്യം എംബപ്പേ തന്നെ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരം ക്ലബുമായുള്ള കരാർ പുതുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അടുത്ത വർഷമാണ് അദ്ദേഹത്തിന്റെ കരാർ അവസാനിക്കുക. അതേസമയം സൂപ്പർ താരം നെയ്മർ ജൂനിയർ കരാർ പുതുക്കുകയും ചെയ്തു. എന്നാൽ കരാർ പുതുക്കാൻ വേണ്ടി പിഎസ്ജി എംബപ്പേക്ക് നൽകിയ മൂന്നോളം ഓഫറുകൾ താരം തള്ളികളയുകയാണ് ചെയ്തത്. എന്നിരുന്നാലും പിഎസ്ജിയുടെ പ്രസിഡന്റ്‌ ആയ നാസർ അൽഖലീഫി ഇക്കാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണ്. എംബപ്പേ പിഎസ്ജി താരമാണെന്നും അദ്ദേഹം കരാർ പുതുക്കി കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരും എന്നുമായിരുന്നു ഇദ്ദേഹം പ്രസ്താവിച്ചിരുന്നത്. ഈ പ്രസ്താവന റയലിന്റെ പ്രതീക്ഷകൾക്കായിരുന്നു ഏറ്റവും കൂടുതൽ കോട്ടം തട്ടിച്ചത്.

പക്ഷേ ഇത് വക വെക്കാൻ റയൽമാഡ്രിഡ് ഒരുക്കമല്ല. റയലിന്റെ ഏറ്റവും വലിയ ലക്ഷ്യം ഇപ്പോഴും എംബപ്പേ തന്നെയാണ് എന്നാണ് മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത്. സിദാൻ തന്റെ ഭാവി തീരുമാനിച്ചതിനു ശേഷം റയൽ എംബപ്പേ ഒരിക്കൽ കൂടി സമീപിക്കും. മികച്ച ഒരു ഓഫർ മുന്നോട്ട് വെക്കാനാണ് റയലിന്റെ പദ്ധതി. നിലവിൽ 18 മില്യൺ യൂറോയാണ് എംബപ്പേയുടെ പിഎസ്ജിയിലെ സാലറി. ഇതിനേക്കാൾ മികച്ച ഒരു തുക വാഗ്ദാനം ചെയ്യാൻ റയൽ ആലോചിക്കുന്നുണ്ട്. അതേസമയം പിഎസ്ജി താരത്തെ വിട്ടു നൽകുമോ എന്നുള്ളതും വലിയൊരു ചോദ്യമാണ്. താരം കരാർ പുതുക്കാൻ തയ്യാറായില്ലെങ്കിൽ ഒരുപക്ഷേ താരത്തെ കയ്യൊഴിയാൻ പിഎസ്ജി ആലോചിക്കും. എന്തെന്നാൽ അടുത്തവർഷം താരം ഫ്രീ ഏജന്റ് ആയി കൊണ്ട് ടീം വിടുന്നത് തടയാനായിരിക്കും ഈ ഒരു തീരുമാനം കൈക്കൊള്ളുക. ഏതായാലും ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എംബപ്പേയാണ്. അദ്ദേഹത്തിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *