ക്ഷമ നശിച്ചു, ഹസാർഡിനെ വിൽക്കാൻ തീരുമാനിച്ച് റയൽ മാഡ്രിഡ്‌?

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി താരങ്ങളെ മറ്റുള്ള ക്ലബുകൾക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്‌. എന്നാൽ ഇക്കൂട്ടത്തിൽ ആരാധകർക്ക് ആശ്ചര്യമേകുന്ന ഒരു പേര് കൂടിയുണ്ട്. സൂപ്പർ താരം ഈഡൻ ഹസാർഡിന്റെതാണത്. താരത്തിന്റെ കാര്യത്തിൽ റയലിന് ക്ഷമ നശിച്ചെന്നും റയൽ ഇനി കാത്തിരിക്കുന്നില്ല എന്നുമാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ സമ്മറിൽ ഹസാർഡിന് വേണ്ടി മറ്റുള്ള ക്ലബുകളിൽ നിന്ന് വരുന്ന ഓഫറുകൾ പരിഗണിക്കാനാണ് നിലവിൽ റയൽ തീരുമാനം എടുത്തിരിക്കുന്നത്.

2019-ലായിരുന്നു ഹസാർഡ് റയലിൽ എത്തിയത്. റയലിന്റെ സൂപ്പർ സ്റ്റാറാവാൻ താരത്തിന് കഴിയുമെന്നായിരുന്ന പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ തുടർച്ചയായ പരിക്കുകൾ കാരണവും ഫോമില്ലായ്മ കാരണവും ഈ രണ്ട് വർഷവും ഹസാർഡിന് ഒന്നും ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു. ഇതോടെ ഇനി താരത്തിന്റെ കാര്യത്തിൽ കാത്തിരിക്കേണ്ട എന്ന തീരുമാനം റയൽ കൈകൊണ്ടിരിക്കുന്നത്.100 മില്യൺ യൂറോക്കായിരുന്നു താരം റയലിൽ എത്തിയത്. എന്നാൽ ഒട്ടും ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചില്ല. മാത്രമല്ല കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിന് ശേഷം താരത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തിയും റയൽ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഹസാർഡ് മാപ്പ് പറയുകയും ചെയ്തു.

ഇനി ലാലിഗയിൽ നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്.ലീഗ് കിരീടം നേടിയാലും ഹസാർഡിന്റെ കാര്യത്തിൽ റയൽ തീരുമാനം മാറ്റിയേക്കില്ല.കഴിഞ്ഞ സീസണിൽ 22 മത്സരങ്ങൾ മാത്രം കളിച്ച താരം ഈ സീസണിൽ 18 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. മൂന്ന് വർഷം കൂടി താരത്തിന് റയലിൽ കരാർ അവശേഷിക്കുന്നുണ്ട്.ഒരുകാലത്ത്‌ 150 മില്യൺ യൂറോ മൂല്യമുണ്ടായിരുന്ന ഹസാർഡിന് ഇപ്പോൾ കേവലം 40 മില്യൺ യൂറോ മാത്രമാണ് ട്രാൻസ്ഫർമാർക്കറ്റിൽ മൂല്യമുള്ളത്. ഏതായാലും ഹസാർഡ് റയൽ വിടാനാണ് നിലവിൽ സാധ്യത കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *