ക്ലബ്ബ് വേൾഡ് കപ്പിൽ റയലിന് വേണ്ടി കളിക്കാൻ ആഗ്രഹമുണ്ട് : റൊണാൾഡോ
അടുത്ത വർഷം ജൂൺ മാസത്തിലാണ് പുതിയ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് നടക്കുക. 32 ടീമുകൾ പോരടിക്കുന്ന ഈ കോമ്പറ്റീഷൻ അമേരിക്കയിൽ വെച്ചുകൊണ്ടാണ് അരങ്ങേറുക. ഇതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഡിസംബർ മാസത്തിലാണ് നടക്കുക. ഫുട്ബോൾ ലോകത്തെ പല വമ്പൻ ക്ലബ്ബുകളും ഈ ക്ലബ്ബ് വേൾഡ് കപ്പിൽ ഏറ്റുമുട്ടുന്നുണ്ട്.പുതിയ ഫോർമാറ്റിലുള്ള ക്ലബ്ബുകളുടെ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഫിഫക്ക് ഒരു അഭിമുഖം നൽകിയിരുന്നു.ഈ ക്ലബ്ബ് വേൾഡ് കപ്പിന്റെ കാര്യത്തിൽ അദ്ദേഹം വളരെയധികം ആവേശഭരിതനാണ്.റയൽ മാഡ്രിഡിന് വേണ്ടി ഈ ക്ലബ് വേൾഡ് കപ്പിൽ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും നിർഭാഗ്യവശാൽ തനിക്ക് പ്രായമായി എന്നുമാണ് തമാശ രൂപേണ അദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോയുടെ വാക്കുകളെ ഫിഫ തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഈ കോമ്പറ്റീഷനിൽ റയൽ മാഡ്രിഡിനോടൊപ്പം കളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് പ്രായമേറിപ്പോയി.ഇത് ഒരു കിടിലൻ കോമ്പറ്റീഷൻ തന്നെയായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഒരു വേൾഡ് കപ്പ് പോലെ ക്ലബ്ബുകൾ കളിക്കുന്നു എന്നത് മനോഹരമായിരിക്കും. തീർച്ചയായും അമേരിക്ക ഒരു മികച്ച രാജ്യമാണ്. ഒരുപാട് നിക്ഷേപങ്ങൾ അവർ ഫുട്ബോളിൽ നടത്തുന്നുണ്ട്. ആതിഥേയ രാജ്യമാകാൻ അവർക്ക് അർഹതയുണ്ട്. തീർച്ചയായും ഒരു മികച്ച കോമ്പറ്റീഷൻ തന്നെ അവർ ഒരുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം “ഇതാണ് ബ്രസീലിയൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന് യോഗ്യത നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ലയണൽ മെസ്സിയും ഈ ക്ലബ്ബ് വേൾഡ് കപ്പിൽ കളിക്കുന്നുണ്ട് എന്നത് ആകർഷണം വർദ്ധിപ്പിക്കുന്ന കാര്യമാണ്. ഉദ്ഘാടന മത്സരം ഇന്റർമയാമിയുടേതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. അടുത്തവർഷം ജൂൺ 15 ആം തീയതി ആയിരിക്കും ഈ ടൂർണമെന്റ് ആരംഭിക്കുക.