ക്രൂശിക്കില്ല,ഭാവിയിൽ എംബപ്പേ റയലിലേക്ക് വരില്ലെന്ന് ആര് കണ്ടു? മോഡ്രിച്ച് പറയുന്നു!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ക്ലബ്ബിൽ തന്നെ തുടരാൻ ഈയിടെ തീരുമാനിച്ചിരുന്നു.2025 വരെയുള്ള ഒരു പുതിയ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. ഇത് ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.താരത്തെ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരുന്ന റയലിന് ഈ തീരുമാനം വലിയ തിരിച്ചടി ഏൽപ്പിച്ചിരുന്നു.
ഏതായാലും ഈ വിഷയത്തിൽ റയലിന്റെ സൂപ്പർ താരമായ ലുക്കാ മോഡ്രിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് എംബപ്പേയെ അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ പേരിൽ ക്രൂശിക്കില്ലെന്നും മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം അദ്ദേഹം റയലിലേക്ക് വരില്ലെന്ന് ആര് കണ്ടു എന്നാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 3, 2022
” എംബപ്പേയുടെ തീരുമാനം അദ്ദേഹത്തിന്റെ അവകാശമാണ്. ഇപ്പോൾ അദ്ദേഹം തന്റെ തീരുമാനവുമായി മുന്നോട്ടു പോകുന്നു. നമ്മൾ എല്ലാവരും കരുതിയിരുന്നത് അദ്ദേഹം ഇങ്ങോട്ട് വരുമെന്നായിരുന്നു.പക്ഷേ അത് സംഭവിച്ചില്ല. എന്നാൽ അതിന്റെ പേരിൽ ഞങ്ങൾ അദ്ദേഹത്തെ ക്രൂശിക്കില്ല.എംബപ്പേ ഒരു മികച്ച താരമാണ്. പക്ഷേ ഒരു താരത്തിനും ക്ലബ്ബിനെക്കാൾ മുകളിൽ പ്രാധാന്യമില്ല. എല്ലാ താരത്തിനെക്കാളും മുകളിലാണ് റയൽ മാഡ്രിഡ്.എപ്പോഴും അങ്ങനെ തന്നെയായിരിക്കും.പക്ഷേ നാളെ എന്ത് സംഭവിക്കുമെന്നുള്ളത് ആർക്കറിയാം. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ലല്ലോ? കാലത്തിന് മാത്രമാണ് അതറിയുക ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു റയൽ മാഡ്രിഡ് പുറത്തെടുത്തത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടാൻ റയലിന് സാധിച്ചിരുന്നു.