ക്രിസ്റ്റ്യാനോയുടെ ചൈനയിലേക്കുള്ള വരവ് തടഞ്ഞത് താനെന്ന് മുൻ ബ്രസീലിയൻ പരിശീലകൻ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചൈനീസ് ലീഗിലേക്കുള്ള വരവിന് തടയിട്ടത് താനെന്ന് മുൻ ബ്രസീൽ-പോർച്ചുഗൽ പരിശീലകനായ ലൂയിസ് സ്‌കൊളാരി. ക്രിസ്റ്റ്യാനോ ഒരു തവണ ചൈനീസ് ലീഗിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ചൈനയിലേക്ക് വന്നാൽ ലോകത്തെ മികച്ച താരമാവാൻ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത് താനാണ് എന്നുമായിരുന്നു. സ്‌കൊളാരിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് സ്‌കൊളാരി ഇക്കാര്യം പറഞ്ഞത്. ബ്രസീലിന് വേൾഡ് കപ്പ് സമ്മാനിച്ച പരിശീലകനാണ് സ്‌കൊളാരി. മാത്രമല്ല ഇതിന് ശേഷം പോർച്ചുഗലിൽ ക്രിസ്റ്റ്യാനോയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2015-2017 കാലയളവിൽ ചൈനീസ് ക്ലബായ ഗ്വാങ്‌ഷോ എവർഗ്രാൻഡക്ക് ചൈനീസ് സൂപ്പർ ലീഗ്, ചൈനീസ് എഫ്എ കപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ നേടികൊടുത്ത പരിശീലകൻ കൂടിയാണ് സ്‌കൊളാരി.

” ഒരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നെ വിളിച്ച് ചൈനയിലെ ഫുട്ബോൾ എങ്ങനെയുണ്ടെന്ന് അന്വേഷിച്ചിരുന്നു. ഞാൻ അന്ന് അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ ചൈനയിലേക്ക് വരുന്നത് നിങ്ങളുടെ ഇമേജ് തന്നെ വിൽക്കുന്നതിന് തുല്യമാണ്. ഇവിടെ ഒരു അഞ്ച് വർഷമെങ്കിലും നല്ല രീതിയിൽ ഫുട്ബോൾ കളിച്ചു പോവാനാവും. എന്നാൽ ചൈനീസ് ഫുട്ബോൾ അത്ര ജനപ്രീതിയുള്ളതല്ല. അത്കൊണ്ട് തന്നെ ലോകത്തെ മികച്ച താരമായി മാറാൻ നിങ്ങൾക്ക് കഴിയില്ല. ആ പരിഗണന നിങ്ങൾക്ക് ലഭിക്കുകയുമില്ല. ഇതിനൊക്കെ താങ്കൾ തയ്യാറാണെങ്കിൽ ഇവിടെ വന്നു അഞ്ച് വർഷം രാജാവായി തുടരാം. അന്ന് താൻ പറഞ്ഞ കാര്യം അദ്ദേഹത്തിന് വ്യക്തമായി മനസ്സിലായി ചൈന മോഹം ക്രിസ്റ്റ്യാനോ ഉപേക്ഷിച്ചു. അദ്ദേഹം റയലിൽ തന്നെ തുടരാൻ തീരുമാനിച്ചു ” സ്‌കൊളാരി അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *