ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള അവസരം വേണ്ടെന്നു വെച്ചത് എന്തുകൊണ്ട്? മാഴ്സെലോ പറയുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ മാഴ്സെലോ റയൽ മാഡ്രിഡ്നോട് വിട പറഞ്ഞത്. തുടർന്ന് അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിൽ എത്തി. എന്നാൽ കാര്യങ്ങൾ അവിടെ നല്ല രീതിയിൽ പുരോഗമിക്കാത്തതുകൊണ്ട് അഞ്ചു മാസങ്ങൾക്ക് ശേഷം അദ്ദേഹം ക്ലബ്ബ് വിട്ടു.കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അദ്ദേഹം ഫ്രീ ഏജന്റായിരുന്നു. തുടർന്ന് തന്റെ മുൻ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിലേക്ക് അദ്ദേഹം മടങ്ങിയെത്തുകയായിരുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ദീർഘകാലം കളിച്ച താരമാണ് മാഴ്സെലോ.കളിക്കളത്തിന് അകത്തും പുറത്തുമുള്ള ഇരുവരുടെയും കൂട്ടുകെട്ട് ലോകപ്രശസ്തമായിരുന്നു. ഫ്രീ ഏജന്റായിരുന്ന സമയത്ത് റൊണാൾഡോക്കൊപ്പം സൗദി ക്ലബ് ആയ അൽ നസ്റിൽ ഒരുമിക്കാനുള്ള അവസരം മാഴ്സെലോക്ക് ലഭിച്ചിരുന്നു.എന്നാൽ അത് അദ്ദേഹം നിരസിക്കുകയായിരുന്നു. അതിന്റെ കാരണമെന്താണെന്ന് മാഴ്സെലോ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനും റൊണാൾഡോയും കുറച്ചു മുൻപ് അൽ നസ്റിലേക്ക് വരുന്നതിനെ പറ്റി ചർച്ച ചെയ്തിരുന്നു.എനിക്ക് ഓഫറുകൾ ഉണ്ടായിരുന്നു.അൽ നസ്ർ എന്നെ അവരുടെ ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ ബ്രസീലിലേക്ക് തന്നെ മടങ്ങാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.എന്റെ റൂട്ട് അവിടെയാണല്ലോ. ബ്രസീലിലേക്ക് തന്നെ മടങ്ങണമെന്ന് എന്നോട് എന്റെ മനസാക്ഷി ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ ഫ്ലുമിനൻസിലേക്ക് പോയത് ” ഇതാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.

ഫ്ലുമിനൻസിനോടൊപ്പം സുന്ദരമായ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ മാഴ്സെലോ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് ആയ കോപ്പ ലിബർട്ടഡോറസ് അവർക്കൊപ്പം സ്വന്തമാക്കാൻ മാഴ്സെലോക്ക് സാധിച്ചിരുന്നു. തന്റെ കരിയറിലെ ആദ്യ ലിബർട്ടഡോറസ് കിരീടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ബ്രസീലിയൻ ലീഗിൽ 16 മത്സരങ്ങളും കോപ്പാ ലിബട്ടഡോറസിൽ എട്ടുമത്സരങ്ങളും ഈ ഡിഫൻഡർ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *