ക്യാമ്പ് നൗവിൽ റയൽ മാഡ്രിഡിന്റെ സംഹാരതാണ്ഡവം, ബാഴ്സ തകർന്നു തരിപ്പണം !

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സയെ തരിപ്പണമാക്കി റയൽ മാഡ്രിഡിന്റെ വിജയതേരോട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണയെ റയൽ മാഡ്രിഡ്‌ ക്യാമ്പ് നൗവിൽ വെച്ച് കശാപ്പ്‌ ചെയ്തത്. മത്സരത്തിൽ റയൽ മാഡ്രിഡിന് വേണ്ടി ഫെഡേ വാൽവെർദെ, നായകൻ സെർജിയോ റാമോസ്, ലുക്കാ മോഡ്രിച്ച് എന്നിവർ ഗോൾ കണ്ടെത്തിയപ്പോൾ ബാഴ്സയുടെ ആശ്വാസഗോൾ അൻസു ഫാറ്റിയുടെ വകയായിരുന്നു. തുടക്കത്തിൽ മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും അവസാനത്തിൽ റയൽ മാഡ്രിഡ്‌ കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ റയൽ മാഡ്രിഡ്‌ കാഴ്ച്ചവെച്ച ഉജ്ജ്വലപ്രകടനമാണ് റയലിന് തകർപ്പൻ വിജയം നേടികൊടുത്തത്. ജയത്തോടെ റയൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് റയലിന്റെ സമ്പാദ്യം. അതേസമയം ബാഴ്സ പത്താം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ബാഴ്സയുടെ പക്കലിലുള്ളത്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ്‌ വലകുലുക്കിയിരുന്നു. ബെൻസിമ വെച്ചു നീട്ടിയ പാസ് ഫെഡേ വാൽവെർദെ ഒരു പിഴവും കൂടാതെ ഫിനിഷ് ചെയ്യുകയായിരുന്നു. എന്നാൽ മൂന്ന് മിനുട്ടുകൾക്ക് ശേഷം അതിന് ഫാറ്റി മറുപടി നൽകി. ആൽബയുടെ ക്രോസിന് ഫാറ്റി കാൽവെക്കുകയായിരുന്നു. പിന്നീട് ആദ്യ പകുതി മെസ്സിക്കും ബെൻസിമക്കും സുവർണാവസരങ്ങൾ ലഭിച്ചുവെങ്കിലും മുതലെടുക്കാൻ കഴിയാതിരുന്നതോടെ ആദ്യ പകുതി 1-1 ന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബാഴ്സ ആധിപത്യം പുലർത്തിയെങ്കിലും 63-ആം മിനുട്ടിൽ റയലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. റാമോസിനെ ലെങ്ലെറ്റ്‌ ജേഴ്സി പിടിച്ചു വലിച്ചതിന് ലഭിച്ച പെനാൽറ്റി റാമോസ് തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ബാഴ്സ സമനില ഗോൾ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് ടോണി ക്രൂസ്, റാമോസ് എന്നിവർക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചുവെങ്കിലും ബാഴ്‌സ കീപ്പർ നെറ്റോയുടെ സേവുകൾ രക്ഷക്ക് എത്തുകയായിരുന്നു. എന്നാൽ 90 മിനുട്ടിൽ മോഡ്രിച് ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സയുടെ പതനം പൂർണമായി. ബോക്സിനകത്തു വെച്ച് തനിക്ക് ലഭിച്ച പന്ത് നെറ്റോയെയും പ്രതിരോധതാരങ്ങളെയും കബളിപ്പിച്ച് മോഡ്രിച് ഗോൾ നേടുകയായിരുന്നു. ഇതോടെ തുടർച്ചയായി രണ്ടാം മത്സരത്തിലും ബാഴ്സ ലാലിഗയിൽ തോൽവി അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *