കോവിഡ് പോസിറ്റീവ് ആയി, മെസ്സിയെ നേരിടാൻ സുവാരസുണ്ടാവില്ല !

അത്ലെറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉറുഗ്വൻ ഫുട്ബോൾ അസോസിയേഷൻ താരത്തിന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. സുവാരസിനെ കൂടാതെ രണ്ട് അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗോൾകീപ്പർ റോഡ്രിഗോ മുനോസ്, ടീം സ്റ്റാഫ് മറ്റിയാസ് ഫറൽ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉറുഗ്വ അറിയിച്ചിട്ടുണ്ട്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിനെ നേരിടാനിരിക്കുന്ന ഉറുഗ്വയെ സംബന്ധിച്ചെടുത്തോളം വൻ തിരിച്ചടിയാണ് ഇത്. ടീമിന്റെ ടോപ് സ്കോററായ സുവാരസ് മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം അത്ലെറ്റിക്കോ മാഡ്രിഡിനും ഇത് കനത്ത തിരിച്ചടിയാണ്. പ്രത്യേകിച്ച് ലാലിഗയിൽ എഫ്സി ബാഴ്സലോണയെ നേരിടാനൊരുങ്ങി നിൽക്കുമ്പോൾ. ഈ വരുന്ന ശനിയാഴ്ചയാണ് അത്ലെറ്റിക്കോ ബാഴ്സയെ നേരിടാനൊരുങ്ങി നിൽക്കുന്നത്. ബാഴ്സ വിട്ട ശേഷം ബാഴ്സക്കെതിരെയും മെസ്സിക്കെതിരെയും ആദ്യമായി കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു സുവാരസ്. എന്നാൽ താരത്തിന് ഈ മത്സരവും നഷ്ടമായേക്കും. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് അത്ലെറ്റിക്കോ മാഡ്രിഡ്‌. ആറ് ലാലിഗ മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ ഇതിനോടകം തന്നെ സുവാരസ് ക്ലബ്ബിന് വേണ്ടി നേടിക്കഴിഞ്ഞു. ഏതായാലും താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് അത്ലെറ്റിക്കോ മാഡ്രിഡ്‌.

Leave a Reply

Your email address will not be published. Required fields are marked *