കൊറോണ: മുൻ റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ലോകത്തോട് വിടപറഞ്ഞു

കൊറോണ അസുഖബാധിതനായി ചികിത്സയിലായിരുന്ന മുൻ റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ അന്തരിച്ചു. 1995 മുതൽ 2000 വരെ റയലിന്റെ പ്രസിഡന്റായിരുന്നു ലോറെൻസോ സാൻസാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെയായിരുന്നു ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. റയൽ മാഡ്രിഡ്‌ ആണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. എഴുപത്തിയാറ് വയസ്സായിരുന്നു ഇദ്ദേഹത്തിന്.

കൊറോണ പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. 1943- ജനിച്ച ഇദ്ദേഹം 1995 ലായിരുന്നു റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റത്. തുടർന്ന് 1997/98 സീസണിൽ റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് ജേതാക്കളായപ്പോൾ പ്രസിഡന്റ്‌ സ്ഥാനത്ത് ഇദ്ദേഹമായിരുന്നു. തുടർന്ന് 2000-ൽ ഫ്ലോറെന്റിന പെരെസിനോട് വോട്ടെടുപ്പിൽ പരാജയപ്പെട്ട് പ്രസിഡന്റ്‌ സ്ഥാനം ഒഴിയേണ്ടി വരികയായിരുന്നു. ഇദ്ദേഹത്തിന്റെ വിടവാങ്ങലിൽ റയൽ മാഡ്രിഡ്‌ അനുശോചനം രേഖപ്പെടുത്തി. കോവിഡ് 19 സ്പെയിനിനെ ദൈനംദിനം കൂടുതൽ ഭീതിയിലാഴ്ത്തികൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *