കൂമാനെ പുറത്താക്കുകയാണെങ്കിൽ ബാഴ്സക്ക് ചിലവ് വരിക വമ്പൻ തുക!

ബാഴ്സയുടെ പരിശീലകനായ റൊണാൾഡ് കൂമാന്റെ സ്ഥാനം ഇപ്പോഴും തുലാസിലാണ്. അടുത്ത സീസണിൽ ബാഴ്‌സയുടെ പരിശീലകനായി അദ്ദേഹം തുടരുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച കൂമാനും പ്രസിഡന്റ്‌ ലാപോർട്ടയും തമ്മിൽ അരമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. തനിക്ക് പുതിയ പരിശീലകനെ കണ്ടെത്താൻ 15 ദിവസം വേണമെന്നാണ് ലാപോർട്ട ആവിശ്യപ്പെട്ടിരിക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ കൂമാൻ പരിശീലകനായി തുടരും.

ഏതായാലും കൂമാനെ പുറത്താക്കുകയാണ് ബാഴ്സ ചെയ്യുന്നതെങ്കിൽ ബാഴ്സ വലിയൊരു തുക ചിലവായി വരും. ഹോളണ്ടിന്റെ പരിശീലകനായിരുന്ന കൂമാൻ അത്‌ രാജിവെച്ചു കൊണ്ടാണ് ബാഴ്സയുടെ പരിശീലകസ്ഥാനമേറ്റടുത്തത്.5.8 മില്യൺ യൂറോയായിരുന്നു ഹോളണ്ട് ബാഴ്സയോട് ട്രാൻസ്ഫർ ഫീയായി ആവിശ്യപ്പെട്ടിരുന്നത്. ഇത്‌ ബാഴ്‌സ ഇതുവരെ നൽകിയിട്ടില്ല എന്നും അതല്ല കൂമാൻ തന്റെ കയ്യിലെ പണമെടുത്ത് ഹോളണ്ടിന് നൽകി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ഇക്കാര്യത്തിൽ ബാഴ്‌സ പണം ചിലവഴിച്ചിട്ടില്ല എന്നുറപ്പാണ്. അതായത് 5.8 മില്യൺ യൂറോ ഒന്നുകിൽ ഹോളണ്ടിനോ അല്ലെങ്കിൽ കൂമാനോ ബാഴ്‌സ നൽകാനുണ്ട്.

ഇനി രണ്ട് വർഷത്തെ കരാറിലാണ് കൂമാൻ ഒപ്പ് വെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഒരു വർഷത്തെ സാലറി 7.2 മില്യൺ യൂറോയാണ്. അതായത് കൂമാൻ ഇപ്പോൾ പുറത്താക്കപ്പെടുകയാണെങ്കിൽ കരാർ പ്രകാരം ശേഷിക്കുന്ന ഒരു വർഷത്തെ സാലറി കൂമാന് നൽകാൻ ബാഴ്സ ബാധ്യസ്ഥരാണ്. അതിനാൽ തന്നെ 7.2 മില്യൺ യൂറോ കൂമാന് ബാഴ്‌സ നൽകേണ്ടി വരും. അതായത് ഇരു തുകകളും കൂട്ടി 13 മില്യൺ യൂറോയോളം ബാഴ്സ നൽകേണ്ടി വരും. കൂമാനെ ബാഴ്സ പുറത്താക്കുകയാണെങ്കിൽ ബാഴ്‌സയുടെ ചിലവ് 13 മില്യൺ യൂറോയാണ് എന്നുള്ളത് കണ്ടെത്തിയിരിക്കുന്നത് സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ്.

Leave a Reply

Your email address will not be published. Required fields are marked *