കൂമാനില്ലെങ്കിലും ബാഴ്സയിൽ എത്തിയേനെ : ഡീപേ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഡച്ച് സ്‌ട്രൈക്കറായ മെംഫിസ് ഡീപേ എഫ്സി ബാഴ്സലോണയിൽ എത്തിയത്. ലീഗ് വൺ ക്ലബായ ലിയോണിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് താരം ബാഴ്സയിൽ എത്തിയത്. താരം ബാഴ്‌സയിൽ എത്തുന്നതിൽ നിർണായകപങ്ക് വഹിച്ചത് പരിശീലകനായ റൊണാൾഡ് കൂമാനായിരുന്നു. മുമ്പ് നെതർലാന്റ്സിൽ കൂമാൻ ഡീപേയെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ കൂമാൻ ഇല്ലെങ്കിലും താൻ ബാഴ്‌സയിൽ എത്തിയേനെയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ ഡീപേ. തന്റെ വരവിന് കൂമാൻ സഹായിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിലും ബാഴ്‌സ തന്നെ ക്ഷണിച്ചാൽ ബാഴ്‌സയിലേക്ക് തന്നെ എത്തുമെന്നുമാണ് ഡീപേ അറിയിച്ചിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഫുട്ബോൾ എസ്പാന റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Th Dutch star has now joined up with Barcelona for preseason training https://t.co/l3c7XA7TMo
— Football España (@footballespana_) July 23, 2021
” കൂമാൻ ബാഴ്‌സയിൽ ഇല്ലായിരുന്നുവെങ്കിലും ഞാൻ ബാഴ്‌സയിൽ തന്നെ എത്തിയേനെ. എന്തെന്നാൽ നിങ്ങൾക്കൊരിക്കലും ബാഴ്സയോട് നോ പറയാനാവില്ല.പക്ഷേ ഞാൻ ബാഴ്‌സയിൽ എത്തുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് റൊണാൾഡ് കൂമാൻ ആണെന്നുള്ള കാര്യം വാസ്തവമാണ്.എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം.ദേശീയ ടീമിൽ ആയ സമയത്ത് തന്നെ എന്നിൽ അദ്ദേഹം വളരെയധികം വിശ്വാസമർപ്പിച്ചിരുന്നു ” ഇതാണ് ഡീപേ ഇതേകുറിച്ച് പറഞ്ഞത്. നിലവിൽ ഡീപേ ബാഴ്‌സക്കൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷേ താരം ഏത് മത്സരത്തിൽ ബാഴ്‌സ ജേഴ്സിയിൽ അരങ്ങേരുമെന്നുള്ള കാര്യം വ്യക്തമല്ല.