കൂട്ടീഞ്ഞോ ലെസ്റ്ററിലെത്തണമെന്ന് മുൻ താരം, താരത്തിനായി രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ഫിലിപ്പെ കൂട്ടീഞ്ഞോക്കിപ്പോൾ അത്ര നല്ല കാലമല്ല.2018-ൽ 150 മില്യൺ യൂറോക്ക് ലിവർപൂളിൽ നിന്നും ബാഴ്സലോണയിൽ എത്തിയ പ്രതാപകാലത്തിന്റെ നിഴലിൽ ഒതുങ്ങിപോവുകയായിരുന്നു. തുടർച്ചയായ പരിക്കുകളും ഫോം ഔട്ടും താരത്തെ തളർത്തി. നിലവിൽ പരിക്ക് മൂലം പുറത്തിരിക്കുന്ന കൂട്ടീഞ്ഞോക്ക് കോപ്പ അമേരിക്കയും നഷ്ടമാവുകയായിരുന്നു. ഏതായാലും ബാഴ്‌സയുടെ പ്രസിഡന്റ്‌ ജോയൻ ലാപോർട്ട വിൽക്കാൻ താല്പര്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കൂട്ടീഞ്ഞോ. താരത്തെ ചുറ്റിപ്പറ്റി നിരവധി ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ സജീവമാണ്. കൂട്ടീഞ്ഞോയെ ലെസ്റ്റർ സിറ്റി ടീമിലേക്ക് എത്തിക്കണമെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ലെസ്റ്റർ താരമായ എമിലി ഹെസ്ക്കി. കൂട്ടീഞ്ഞോയെ ലെസ്റ്റർ ജേഴ്സിയിൽ കാണാൻ താൻ ഇഷ്ടപ്പെടുന്നു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.

” കൂട്ടീഞ്ഞോ ലെസ്റ്ററിൽ എത്തുന്നത് ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്.അദ്ദേഹം മികച്ച ഒരു താരമാണ്.നല്ല രൂപത്തിൽ ടീമിലേക്ക് കോൺട്രിബ്യൂട് ചെയ്യാൻ സാധിക്കുന്ന താരമാണ് കൂട്ടീഞ്ഞോ.പക്ഷേ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കണ്ടീഷനെ കുറിച്ച് എനിക്ക് ധാരണയില്ല.ലിവർപൂളിൽ ആയിരുന്ന സമയത്ത് ഉജ്ജ്വലമായ രീതിയിൽ കളിച്ചിരുന്നു.പക്ഷേ ഇപ്പോൾ അദ്ദേഹം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോവുന്നത്.പഴയ പ്രതാപം വീണ്ടെടുക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നറിയില്ല.പക്ഷേ അദ്ദേഹത്തിന് അനുയോജ്യമായത് പ്രീമിയർ ലീഗ് തന്നെയാണ് ” ഹെസ്ക്കി പറഞ്ഞു.

അതേസമയം താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ സമ്മറിലും താരത്തിന് വേണ്ടി ശ്രമിച്ച ആഴ്സണലും എവെർട്ടണുമാണ് ഇക്കുറിയും രംഗത്തുള്ളത്. പക്ഷേ താരത്തിന്റെ പരിക്കാണ് ഇരു ക്ലബുകൾക്കും ആശങ്ക നൽകുന്നത്.കൂടാതെ ബാഴ്‌സ താരത്തിന് വേണ്ടി കണ്ടുവെച്ചിരിക്കുന്ന തുകയും ഒരുപക്ഷെ ഇതിന് തടസ്സം നിന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *