കൂട്ടീഞ്ഞോയെ ലക്ഷ്യമിട്ട് ഫ്രഞ്ച് വമ്പൻമാർ!
ബാഴ്‌സയിലെ അഴിച്ചു പണിയുടെ ഭാഗമായി ഏഴോളം താരങ്ങൾക്ക് ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. അതിൽ പെട്ട ഒരു താരമാണ് ബ്രസീലിയൻ മിഡ്‌ഫീൽഡർ ഫിലിപ്പെ കൂട്ടീഞ്ഞോ. കാൽമുട്ടിനേറ്റ പരിക്ക് മൂലം താരം രണ്ടോളം തവണ ശസ്ത്രക്രിയക്ക് വിധേയനാവുകയും സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.കഴിഞ്ഞ സീസണിൽ തന്നെ താരം ബാഴ്‌സ വിട്ടേക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും താരത്തെ കൂമാൻ നിലനിർത്തുകയായിരുന്നു. എന്നാൽ ഇത്തവണ താരത്തെ വിൽക്കാൻ ലാപോർട്ട ശ്രമങ്ങൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
An interesting possible next destination for the Brazilian 👀 https://t.co/ji1XZjtHFz
— MARCA in English (@MARCAinENGLISH) June 10, 2021
ഇപ്പോഴിതാ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് വമ്പൻമാരായ മാഴ്സെ. കൂട്ടീഞ്ഞോയെ മാഴ്സെയുടെ പരിശീലകൻ ജോർഗെ സാംപോളി ടീമിലെത്തിക്കാൻ ശ്രമിച്ചേക്കുമെന്നുള്ള വാർത്ത പുറത്ത് വിട്ടത് ബ്രസീലിയൻ മാധ്യമമാണ്.എന്നാൽ മികച്ച ഒരു ഓഫർ ലഭിച്ചാൽ മാത്രമേ ബാഴ്സ താരത്തെ കൈമാറുകയൊള്ളൂ. മാത്രമല്ല കൂട്ടീഞ്ഞോ മാഴ്‌സെയെ പോലെയൊരു ക്ലബിന് സമ്മതം മൂളുമോ എന്നുള്ളതും വലിയ ചോദ്യമാണ്. കഴിഞ്ഞ തവണ എവെർട്ടൻ, ആഴ്സണൽ എന്നിവർ രംഗത്തുണ്ടായിരുന്നുവെങ്കിലും ഇത്തവണ ഇവർ രംഗത്ത് വന്നിട്ടില്ല.120 മില്യൺ യൂറോക്ക് ബാഴ്‌സയിലെത്തിയ കൂട്ടീഞ്ഞോക്ക് തന്റെ പ്രതാപകാലത്തെ പോലെ തിളങ്ങാൻ ബാഴ്‌സയിൽ സാധിച്ചില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്.