കൂട്ടീഞ്ഞോയെ ഒഴിവാക്കണോ? കൂമാന്റെ തീരുമാനം ഇങ്ങനെ!

ഏറെ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയും എഫ്സി ബാഴ്സലോണയിൽ എത്തിയ താരമാണ് ഫിലിപ്പെ കൂട്ടീഞ്ഞോ.2018-ൽ ഭീമമായ തുകക്കായിരുന്നു താരത്തെ ബാഴ്‌സ ലിവർപൂളിൽ നിന്നും സ്വന്തമാക്കിയിരുന്നത്. എന്നാൽ ലിവർപൂളിലെ കൂട്ടീഞ്ഞോയുടെ നിഴൽ പോലും എഫ്സി ബാഴ്സലോണയിൽ കാണാൻ സാധിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം.പരിക്കും ഫോമൗട്ടും കൂട്ടീഞ്ഞോയെ വല്ലാതെ അലട്ടുകയായിരുന്നു.

അത്കൊണ്ട് തന്നെ ഈ സമ്മറിൽ ബാഴ്‌സ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ് കൂട്ടീഞ്ഞോ. താരത്തിന് വേണ്ടി അനുയോജ്യമായ ഓഫറുകൾ ഇത്‌ വന്നിട്ടില്ല എന്ന കാരണത്താലാണ് ഇതിൽ പുരോഗതി കൈവരാത്തത്. ഇറ്റാലിയൻ വമ്പൻമാരായ aസി മിലാൻ കൂട്ടീഞ്ഞോക്ക്‌ വേണ്ടി രംഗത്ത് വന്നിരുന്നുവെങ്കിലും താരത്തിന്റെ സാലറി തടസ്സമാവുകയായിരുന്നു.

എന്നാൽ കൂട്ടീഞ്ഞോക്ക്‌ ഈ സീസണിലും അവസരം നൽകാമെന്ന നിലപാടാണ് നിലവിൽ കൂമാൻ കൈകൊണ്ടിരിക്കുന്നത്. ഫിലിപ്പെ കൂട്ടീഞ്ഞോയെ ഒഴിവാക്കേണ്ടതില്ല എന്നാണ് കൂമാന്റെ തീരുമാനം.താരം പരിക്കിൽ നിന്നും മുക്തനായതിൽ കൂമാൻ തൃപ്തനാണെന്നും വരുന്ന സീസണിൽ പ്രധാനപ്പെട്ട റോൾ വഹിക്കാൻ കൂട്ടീഞ്ഞോക്ക്‌ കഴിയുമെന്നുമാണ് കൂമാൻ വിശ്വസിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കൂടാതെ കൂട്ടീഞ്ഞോ ബാഴ്സലോണക്കൊപ്പം പരിശീലനവും ആരംഭിച്ചിരുന്നു. പരിക്ക് കാരണം കഴിഞ്ഞ ജനുവരിക്ക്‌ ശേഷം ഒരൊറ്റ മത്സരം പോലും കളിക്കാൻ കൂട്ടീഞ്ഞോക്ക്‌ സാധിച്ചിരുന്നില്ല.ആകെ 14 മത്സരങ്ങൾ മാത്രമാണ് കൂട്ടീഞ്ഞോ കഴിഞ്ഞ സീസണിൽ കളിച്ചിട്ടുള്ളത്.3 ഗോളുകളും 2 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഏതായാലും ഈ സീസണിലെങ്കിലും കൂട്ടീഞ്ഞോ തന്റെ ഫോം വീണ്ടെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *