കൂട്ടീഞ്ഞോയും പിക്വയുമില്ല, യുവന്റസിനെ നേരിടാനുള്ള ബാഴ്സയുടെ സ്‌ക്വാഡ് തയ്യാർ !

സൂപ്പർ താരങ്ങളായ കൂട്ടീഞ്ഞോയും പിക്വേയുമില്ലാതെ യുവന്റസിനെ നേരിടാനുള്ള ബാഴ്സയുടെ സ്‌ക്വാഡ് പുറത്തു വിട്ട് എഫ്സി ബാഴ്സലോണ. ചാമ്പ്യൻസ് ലീഗ് രണ്ടാം മത്സരത്തിലാണ് ബാഴ്‌സ കരുത്തരായ യുവന്റസിനെ നേരിടുന്നത്. എന്നാൽ രണ്ട് സൂപ്പർ താരങ്ങളുടെ അഭാവം ബാഴ്സക്ക് തിരിച്ചടിയാണ്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിന് ശേഷമാണ് കൂട്ടീഞ്ഞോക്ക് പരിക്ക് സ്ഥിരീകരിച്ചത്. മൂന്നാഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റെഡ് കാർഡ് കണ്ടതാണ് ജെറാർഡ് പിക്വേക്ക് വിനയായത്. ഫെറെൻക്വേറൊസിനെതിരെയുള്ള മത്സരത്തിലായിരുന്നു പിക്വേ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത്. ഇതിനാലാണ് താരത്തിന് യുവന്റസിനെതിരെയുള്ള മത്സരം നഷ്ടമാവുന്നത്. ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:30-ന് യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.

പരിക്ക് മൂലം പുറത്തിരിക്കുന്ന ടെർ സ്റ്റീഗൻ, ഉംറ്റിറ്റി എന്നിവർക്ക് സ്‌ക്വാഡിൽ ഇടമില്ല. പിക്വേയുടെ അഭാവത്തിൽ റൊണാൾഡ് അരൗഹോ ആയിരിക്കും പ്രതിരോധം കാക്കുക. സെർജിയോ ബുസ്ക്കെറ്റ്സ്, ഡിജോങ് എന്നിവരായിരിക്കും മധ്യനിരയിൽ. കൂട്ടീഞ്ഞോക്ക് പകരം ആരെ കൂമാൻ നിയോഗിക്കും എന്ന് വ്യക്തമല്ല. അതേസമയം കഴിഞ്ഞ രണ്ട് മത്സരത്തിൽ പുറത്തിരുന്ന ഗ്രീസ്മാനെ കൂമാൻ യുവന്റസിനെതിരെ കളിപ്പിക്കുമോ എന്നും നോക്കി കാണേണ്ടിയിരിക്കുന്നു. കൂട്ടീഞ്ഞോയുടെ അഭാവത്തിൽ പെഡ്രി, ട്രിൻക്കാവോ, ഡെംബലെ എന്നിവരെയൊക്കെ മുന്നേറ്റനിരയിൽ കളിപ്പിക്കാൻ കൂമാനു ലഭ്യമാണ്. ടെർസ്റ്റീഗന്റെ അഭാവത്തിൽ നെറ്റോ തന്നെയായിരിക്കും വലകാക്കുക.

Leave a Reply

Your email address will not be published. Required fields are marked *