കൂട്ടീഞ്ഞോക്ക്‌ ശസ്ത്രക്രിയ ആവിശ്യം, പുറത്തിരിക്കേണ്ടി വരിക ദീർഘകാലം !

കഴിഞ്ഞ എയ്ബറിനെതിരെയുള്ള മത്സരത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക്‌ പരിക്കേറ്റത്. മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിലായിരുന്നു താരം പകരക്കാരനായി കളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ താരം പിന്നീട് പരിക്കേറ്റ് കളം വിടുകയായിരുന്നു. മുഴുവൻ സബ്സ്റ്റിറ്റൂഷനുകളും പൂർത്തിയാക്കിയതിനാൽ പത്ത് പേരുമായാണ് പിന്നീട് ബാഴ്സ മത്സരം കളിച്ചത്. ഏതായാലും താരത്തിന്റെ പരിക്ക് ഒരല്പം ഗുരുതരമാണ്. ഇടതുകാൽമുട്ടിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. താരത്തിന് ശസ്ത്രക്രിയ ആവിശ്യമാണെന്ന് ബാഴ്‌സ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എത്രകാലം താരം പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്‌സ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സ്പാനിഷ് മാധ്യമങ്ങളുടെ കണ്ടെത്തൽ പ്രകാരം നാലു മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്.

” ഫസ്റ്റ് ടീം താരമായ ഫിലിപ്പെ കൂട്ടീഞ്ഞോയെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. താരത്തിന്റെ ഇടതുകാൽമുട്ടിൽ ലാറ്ററൽ മെനിസ്ക്കസ് ഇഞ്ചുറി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ താരത്തിന് ശസ്ത്രക്രിയ നടത്തും ” ക്ലബ് ഔദ്യോഗികപ്രസ്താവനയിൽ പറഞ്ഞു. ഈ സീസണിലായിരുന്നു താരം ബയേണിൽ നിന്ന് ബാഴ്സയിലേക്ക് മടങ്ങിയെത്തിയത്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തിന് പിന്നീട് അത്‌ തുടരാനായില്ല. അതിനിടെയാണ് പരിക്കും പിടികൂടിയത്. ഈ സീസണിൽ മൂന്ന് ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. താരത്തിന് സ്ഥാനത്ത് പെഡ്രിയാണ് ഇടം നേടാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *