കൂടുതൽ ഉത്തരവാദിത്യം കാണിക്കൂ, മത്സരശേഷം കൂമാൻ പറഞ്ഞത് ഇങ്ങനെ!

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ കോർനെല്ലയെ കീഴടക്കിയത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാനാവാതെ പോയത് ബാഴ്സക്ക്‌ ഒരു ഘട്ടത്തിൽ തിരിച്ചടിയായിരുന്നു. രണ്ട് പെനാൽറ്റികളാണ് ബാഴ്സ മത്സരത്തിൽ പാഴാക്കിയത്. മാത്രമല്ല ഒട്ടേറെ ഗോളവസരങ്ങൾ ബാഴ്സ തുലക്കുകയും ചെയ്തു. ഫലമായി മത്സരം അധികസമയത്തേക്ക് നീങ്ങുകയായിരുന്നു.അധികസമയത്താണ് ബാഴ്സ രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിജയം ഉറപ്പിച്ചത്. എന്നാൽ മത്സരഫലത്തിൽ കൂമാൻ ഒട്ടും സന്തോഷവാനല്ല. അത് തന്നെയാണ് പരിശീലകൻ മത്സരശേഷം പറഞ്ഞതും.

“ഏറ്റവും പ്രധാനപ്പെട്ട കാര്യം മത്സരത്തിൽ വിജയിക്കുക എന്നുള്ളത് തന്നെയാണ്. പക്ഷെ അത്കൊണ്ട് മാത്രം സന്തോഷപ്പെടാൻ സാധിക്കില്ല.കാരണം ഞങ്ങൾക്ക്‌ ഇനിയും കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാമായിരുന്നു.ഞങ്ങൾ രണ്ട് പെനാൽറ്റികൾ ആണ് പാഴാക്കിയത്. ഇത്തരം മത്സരങ്ങളിൽ ഞങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു.വീണ്ടും ഞങ്ങൾ 120 മിനുട്ട് കളിച്ചു.ഞങ്ങൾ ഇത്‌ മൂന്നാമത്തെ മത്സരത്തിലാണ് 120 മിനുട്ടുകൾ കളിക്കുന്നത്.ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. രണ്ട് പെനാൽറ്റികൾ ലഭിച്ചു. അത്‌ രണ്ടും അങ്ങനെ ആവാൻ പാടില്ലായിരുന്നു.ക്രിയേറ്റീവും എഫക്റ്റീവുമായിട്ടാണ് ഇത്‌ കളിക്കേണ്ടത്.അതിന്റെ അഭാവം മത്സരത്തിൽ കാണാൻ സാധിച്ചു.അതിന് വലിയ വില നൽകേണ്ടി വന്നു.ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ് ” കൂമാൻ മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *