കുബോയുടെ കാര്യവും തീരുമാനമാവുന്നു!

റയൽ മാഡ്രിഡിന്റെ യുവസൂപ്പർ താരം ടെക്കഫുസ കുബോ ഈ സീസണിലും റയലിൽ കാണില്ല. താരത്തെ ലോൺ അടിസ്ഥാനത്തിൽ മയ്യോർക്കക്കാണ് റയൽ കൈമാറുന്നത്.ഇത്‌ സംബന്ധിച്ച് ഇരു ക്ലബുകളും ധാരണയിൽ എത്തിയതായി ഗോൾ എസ്പാന റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

20-കാരനായ ജാപ്പനീസ് താരം 2021/22 സീസണിൽ മയ്യോർക്കയിൽ കളിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരിക്കും കുബോ മയ്യോർക്കയിൽ കളിക്കുക. എന്നാൽ താരത്തെ വാങ്ങാനുള്ള ഓപ്ഷൻ റയൽ നൽകിയിട്ടില്ല. ഇതോടെ ലോൺ കഴിഞ്ഞാൽ താരം റയലിലേക്ക് തന്നെ അടുത്ത സീസണിൽ തിരിച്ചെത്തിയേക്കും.

2019 ലാലിഗയിൽ കുബോ അരങ്ങേറിയത് മയ്യോർക്ക ജേഴ്സിയിലായിരുന്നു.മികച്ച പ്രകടനമായിരുന്നു അവിടെ കുബോ കാഴ്ച്ചവെച്ചിരുന്നത്.ഇപ്പോൾ മയ്യോർക്കയുടെ പുതിയ പരിശീലകനായ ലൂയിസ് ഗാർഷ്യ പ്ലാസ താരത്തെ തിരികെ എത്തിക്കുകയായിരുന്നു. എന്നാൽ അന്ന് കുബോക്കൊപ്പം മുന്നേറ്റനിരയിൽ ഉണ്ടായിരുന്ന ബുഡിമിർ,കൂചോ ഹെർണാണ്ടസ് എന്നിവർ ഇപ്പോൾ ടീമിൽ ഇല്ല.

അതേസമയം കുബോയെ ഈ സീസണിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നതോടെ ലോണിൽ വിടാൻ റയൽ നിർബന്ധിതരായത്. നിലവിലെ നിയമ പ്രകാരം മൂന്ന് നോൺ യൂറോപ്യൻ താരങ്ങളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റുകയൊള്ളൂ. ബ്രസീലിയൻ താരങ്ങളായ എഡർ മിലിറ്റാവോ, റോഡ്രിഗോ, വിനീഷ്യസ് എന്നിവർ നിലവിൽ റയൽ ടീമിൽ ഉണ്ട്. എന്നാൽ അടുത്ത സീസൺ ആവുമ്പോഴേക്കും വിനീഷ്യസിന് പൗരത്വം ലഭിക്കുമെന്നും ആ സ്ഥാനത്ത് കുബോയെ രജിസ്റ്റർ ചെയ്യാമെന്നുള്ള പ്രതീക്ഷയിലാണ് റയൽ.

Leave a Reply

Your email address will not be published. Required fields are marked *