കീറൻ ട്രിപ്പിയർ, ഇംഗ്ലീഷ് എഫ്എയുടെ തീരുമാനത്തിന് തടയിട്ട് ഫിഫ !

ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് ഡിഫൻഡർ കീറൻ ട്രിപ്പിയറിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. താരത്തിന് പത്ത് ആഴ്ച്ചത്തെ വിലക്കാണ് ഇംഗ്ലീഷ് എഫ്എയുടെ ഭാഗത്തു നിന്നുമുണ്ടായത്. 2019-ൽ നടന്ന ബെറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കാണ് ഇംഗ്ലീഷ് എഫ്എ പത്ത് ആഴ്ച്ചത്തെ വിലക്ക് താരത്തിന് ഏർപ്പെടുത്തിയത്. 2019-ൽ താരം ടോട്ടൻഹാമിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം അക്ഷരാർത്ഥത്തിൽ തിരിച്ചടിയേൽപ്പിച്ചത് അത്‌ലെറ്റിക്കോ മാഡ്രിഡിനായിരുന്നു. എന്തെന്നാൽ അത്‌ലെറ്റിക്കോയുടെ നിർണായക താരമാണ് ട്രിപ്പിയർ. ഏറ്റവും നിർണായകമായ മത്സരങ്ങളാണ് താരത്തിന് ഈ വിലക്ക് വഴി നഷ്ടമാവുക. ഇതിനെതിരെ പരിശീലകൻ ഡിയഗോ സിമിയോണി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ വിഷയത്തിൽ ഫിഫ ഇടപെട്ടിരിക്കുകയാണിപ്പോൾ. എഫ്എയുടെ തീരുമാനത്തിന് ഫിഫ തടയിട്ടു കഴിഞ്ഞു. പത്ത് ആഴ്ച്ചത്തെ വിലക്ക് എന്ന തീരുമാനത്തെ താൽകാലികമായി ഫിഫ സസ്പെൻഡ് ചെയ്തിരിക്കുകയാണിപ്പോൾ. ഇനി കൂടുതൽ അന്വേഷണങ്ങൾക്ക്‌ ശേഷമായിരിക്കും ഫിഫ അന്തിമതീർപ്പ് കൽപ്പിക്കുക. അതുവരെ താരത്തിന് കളിക്കാൻ അനുമതി ലഭിച്ചു. എന്നാൽ എഫ്എയുടെ തീരുമാനത്തിന്റെ ഫലമായി ഗെറ്റാഫെക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമായിരുന്നു. മാത്രമല്ല ഇന്ന് നടക്കുന്ന അലാവസിനെതിരെയുള്ള മത്സരവും താരത്തിന് നഷ്ടമായേക്കും. എന്നാൽ കോപ്പ ഡെൽ റേയിൽ കോർനെല്ലക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ലാലിഗയിൽ മികച്ച പ്രകടനമാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *