കാർഡുകളിൽ അതിവേഗം ചാവി,പെപ്പിനെ മറികടക്കുമോ?

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തുകയായിരുന്നു.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ വിജയം ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ റോബർട്ട് ലെവന്റോസ്ക്കിയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.

എന്നാൽ ഈ മത്സരത്തിൽ ബാഴ്സയുടെ പരിശീലകനായ ചാവിക്ക് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ തുടർച്ചയായി 2 യെല്ലോ കാർഡുകൾ വഴങ്ങി കൊണ്ടാണ് അദ്ദേഹം റെഡ് കാർഡ് വാങ്ങിയത്.റഫറിയോട് അതിരുവിട്ട് പെരുമാറിയതിനെ തുടർന്നാണ് അദ്ദേഹത്തിന് കാർഡുകൾ ലഭിച്ചത്. ഇത് ആദ്യമായല്ല അദ്ദേഹം റെഡ് കാർഡ് വഴങ്ങുന്നത്.ഈ സീസണിൽ ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിലും അദ്ദേഹം റെഡ് കാർഡ് വഴങ്ങിയിരുന്നു.

ബാഴ്സ പരിശീലകൻ എന്ന നിലയിൽ രണ്ട് റെഡ് കാർഡുകൾ അദ്ദേഹം വഴങ്ങി കഴിഞ്ഞു. 2008 മുതൽ 2012 വരെ ബാഴ്സയെ പരിശീലിപ്പിച്ച പെപ് ആകെ 3 റെഡ് കാർഡുകളാണ് അക്കാലയളവിൽ വഴങ്ങിയിട്ടുള്ളത്. 2009ൽ ബയേൺ,ഒസാസുന എന്നിവർക്കെതിരെയും 2010ൽ അൽമേരിയക്കെതിരെയുമാണ് പെപ് റെഡ് കാർഡ് വഴങ്ങിയിട്ടുള്ളത്.ചാവി റെഡ് കാർഡുകളുടെ എണ്ണത്തിൽ പെപ്പിനെ മറികടക്കുമോ എന്നാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അതേസമയം യെല്ലോ കാർഡുകളുടെ കാര്യത്തിൽ ചാവി പെപ്പിനെ മറികടന്ന് കഴിഞ്ഞിട്ടുണ്ട്.ചാവിക്ക് ഇപ്പോൾതന്നെ 22 യെല്ലോ കാർഡുകൾ ഉണ്ട്. അതേസമയം പെപ് 4 യെല്ലോ കാർഡുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

അതോടൊപ്പം തന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ചാവി തന്റെ കരിയറിൽ ബാഴ്സലോണക്ക് വേണ്ടി താരം എന്ന നിലയിൽ കേവലം രണ്ട് റെഡ് കാർഡുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. 18 സീസണുകളിലായി 780 ഒഫീഷ്യൽ മത്സരങ്ങൾ ചാവി കളിച്ചിട്ടുണ്ട്. അതിൽനിന്ന് രണ്ട് റെഡ് കാർഡുകൾ മാത്രമാണ് അദ്ദേഹം വഴങ്ങിയിട്ടുള്ളത്. 58 യെല്ലോ കാർഡുകളും മടങ്ങിയിട്ടുണ്ട്. എന്നാൽ പരിശീലകനായി കൊണ്ട് 132 മത്സരങ്ങളിൽ നിന്ന് രണ്ട് റെഡ് കാർഡുകളും 22 യെല്ലോ കാർഡുകളും ചാവി വഴങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *