കാര്യങ്ങൾ ഗുരുതരം, സെറ്റിയനുമായി കൂടിക്കാഴ്ച്ച നടത്തി ബർതോമ്യൂ

സെൽറ്റ വിഗോക്കെതിരായ മത്സരത്തിൽ സമനില വഴങ്ങിയതോടെ ബാഴ്സക്ക് അകത്തുള്ള പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നിരുന്നു. വിലപ്പെട്ട രണ്ട് പോയിന്റുകൾ കളഞ്ഞു കുളിച്ച ബാഴ്സ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കൂടാതെ ആർതർ ട്രാൻസ്ഫറും ബാഴ്സ ബോർഡിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. കൂടാതെ ബാഴ്സ താരങ്ങൾ സെറ്റിയനുമായി സഹകരിക്കുന്നില്ല എന്നതിന് തെളിവായി വീഡിയോകൾ പുറത്ത് വന്നതും ബാഴ്സക്ക് തിരിച്ചടിയായി. താരങ്ങളോട് സംസാരിക്കൽ കുറവായ സെറ്റിയന് പകരം അസിസ്റ്റന്റ് കോച്ച് സറാബിയ നിർദേശം നൽകുമ്പോൾ മുഖം തിരിച്ചു പോവുന്ന മെസ്സിയുടെ വീഡിയോ ഒക്കെ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. സമനിലയോടെ വലിയ വിമർശനങ്ങൾ ആണ് സെറ്റിയനെതിരെ ഉയർന്നത്. അദ്ദേഹത്തെ പുറത്താക്കുമെന്ന് കിംവദന്തികൾ പരക്കുകയും ചെയ്തു. ഇതോടെ സെറ്റിയനുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യൂ.

ബർതോമ്യൂ, എറിക് അബിദാൽ, ഓസ്കാർ ഗ്രോ, ഹവിയർ ബോർഡാസ് എന്നിവരാണ് ഇന്നലെ ഉച്ചക്ക് ശേഷം സെറ്റിയന്റെ വീട്ടിലേക്ക് പോയി കൂടിക്കാഴ്ച്ച നടത്തിയത്. പ്രചരിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പ്രസിഡന്റ്‌ സെറ്റിയനെ കണ്ടത്. ക്ലബിന്റെ പൂർണ്ണപിന്തുണ സെറ്റിയന് അറിയിച്ചതായാണ് ആർഎസി വൺ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. നിലവിൽ പരക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നും ഈ സീസൺ അവസാനം വരെ സെറ്റിയൻ തുടരുമെന്നും പ്രസിഡന്റ്‌ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സെറ്റിയനെ പുറത്താക്കുമെന്നും താൽക്കാലികമായി ബാഴ്സ ബി ടീമിന്റെ പരിശീലകൻ തൽസ്ഥാനം വഹിക്കുമെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഏതായാലും ബാഴ്സ ബോർഡ് സെറ്റിയന് പിന്തുണ അറിയിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ താരങ്ങളും പരിശീലകനും തമ്മിലുള്ള മോശം ബന്ധം ബാഴ്സക്ക് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *