കാത്തിരിപ്പിനൊടുവിൽ ലാലിഗയിൽ ബാഴ്‌സയെ കീഴടക്കി സിമിയോണി,താരങ്ങൾക്ക്‌ പ്രശംസ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലെറ്റിക്കോ മാഡ്രിഡ്‌ എഫ്സി ബാഴ്സലോണയെ കീഴടക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ കരാസ്ക്കോ നേടിയ ഗോളാണ് അത്ലെറ്റിക്കോക്ക്‌ വിജയം നേടികൊടുത്തത്. ഗോൾകീപ്പർ ടെർസ്റ്റീഗൻ കാണിച്ച അബദ്ധത്തിന്റെ ഫലമായാണ് ബാഴ്‌സ ഗോൾ വഴങ്ങിയിരുന്നത്. ലാലിഗയിൽ ആദ്യമായിട്ടാണ് സിമിയോണിയുടെ അത്ലെറ്റിക്കോ ബാഴ്സയെ തോൽപ്പിക്കുന്നത്. പതിനെട്ടു മത്സരങ്ങൾക്ക്‌ ശേഷമാണ് ബാഴ്‌സയെ സിമിയോണി ലാലിഗയിൽ തോൽപ്പിക്കുന്നത്. സൂപ്പർ കപ്പിലും ചാമ്പ്യൻസ് ലീഗിലുമൊക്കെ അത്ലെറ്റിക്കോ ജയം നേടിയിരുന്നുവെങ്കിലും ലാലിഗയിൽ മാത്രം ജയം അകന്നു നിൽക്കുകയായിരുന്നു. ഒടുവിൽ ഇന്നലെ അതിനും സിമിയോണി പരിഹാരം കണ്ടു. തുടർന്ന് തന്റെ താരങ്ങളെ പ്രശംസിക്കാനും പരിശീലകൻ മറന്നില്ല.

” നിലവിൽ ഞങ്ങളുടെ ടീം മികച്ച രീതിയിലാണ് കളിക്കുന്നത്. ഞാൻ മുമ്പ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. താരങ്ങൾ എല്ലാം തന്നെ കഠിനാദ്ധ്യാനം ചെയ്യുന്നുണ്ട്. അവരുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലനത്തിൽ ഞങ്ങൾ രൂപപ്പെടുത്തിയ ആശയങ്ങൾ കളത്തിൽ പ്രവർത്തികമാക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞു. ഇത് മഹത്തായ ഒരു കാര്യമാണ്. ഈ താരങ്ങൾ എല്ലാം തന്നെ തങ്ങളുടെ ടീമിന് വേണ്ടി എല്ലാം നൽകിയവരാണ്. ഇനി ഞങ്ങളുടെ മുമ്പിലുള്ളത് ഈ ഊർജ്ജം തുടർന്നും കൊണ്ടുപോവുക എന്നുള്ളതാണ്. ഈ വരുന്ന ബുദ്ധനാഴ്ച്ച ഞങ്ങൾക്ക്‌ ഒരു പ്രധാനപ്പെട്ട മത്സരം കളിക്കാനുണ്ട് ” സിമിയോണി പറഞ്ഞു. ലോക്കോമോട്ടീവ് മോസ്‌കോയാണ് അത്ലെറ്റിക്കോയുടെ എതിരാളികൾ. ഈ സീസണിൽ ആകെ കളിച്ച പതിനൊന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അത്ലെറ്റിക്കോ തോറ്റത്. അതും കരുത്തരായ ബയേണിനെതിരെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *