കാത്തിരിക്കുന്നത് അഗ്നിപരീക്ഷകൾ, സിദാൻ ഊരാകുടുക്കിലേക്കോ?

റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാനെ സംബന്ധിച്ചെടുത്തോളം ഈ സീസൺ ഒട്ടും ശുഭകരമല്ല. ഓരോ ദിവസം കൂടും തോറും റയൽ മാഡ്രിഡിലെ പ്രതിസന്ധികൾ വർധിച്ചു വരികയാണ്. ടീമിലെ ഒന്നടങ്കം തന്നെ മോശം പ്രകടനം കാഴ്ച്ചവെക്കുന്നതാണ് സിദാനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. കൂടാതെ സൂപ്പർ താരങ്ങളുടെ പരിക്കും സിദാന് തലവേദനയാണ്. ഒരു താരത്തിന്റെ പരിക്ക് ഭേദമാവുമ്പോൾ മറ്റൊരു താരം പരിക്കിന്റെ പിടിയിലാവുന്നു എന്നുള്ള ഈയൊരു അവസ്ഥ ഈ സീസണിലുടനീളം സിദാനെ പിന്തുടരുന്നുണ്ട്. ടീമിന്റെ മോശം പ്രകടനത്തിൽ താരങ്ങളാണ് സിദാനേക്കാൾ കൂടുതൽ പഴികേൾക്കുന്നതെങ്കിലും പലപ്പോഴും തോൽവിയുടെ ഉത്തരവാദിത്തമേറ്റടുത്ത് കൊണ്ട് സിദാൻ മുന്നോട്ട് വരാറുണ്ട്. പക്ഷെ അതിന് ശേഷം മാറ്റങ്ങൾ കാണുന്നില്ല എന്നുള്ളതാണ് ആരാധകരെ നിരാശരാക്കുന്ന കാര്യം. പ്രത്യേകിച്ച് ടീം സ്ഥിരത പുലർത്താത്തതാണ് ഏറ്റവും വലിയ തിരിച്ചടി.

ഉദാഹരണത്തിന് ലാലിഗയിൽ കാഡിസിനോടും ചാമ്പ്യൻസ് ലീഗിൽ ഷാക്തറിനോടും തോറ്റതിന് ശേഷമാണ് റയൽ ബാഴ്സയെ നേരിടാൻ വന്നത്. എന്നാൽ കരുത്തരായ ബാഴ്സയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്‌ തകർത്തു കൊണ്ട് റയൽ ശക്തി പ്രകടിപ്പിച്ചു. പിന്നീട് ബൊറൂസിയയോട് സമനില വഴങ്ങിയെങ്കിലും ഇന്ററിനെ കീഴടക്കാൻ റയലിന് സാധിച്ചു. പിന്നീട് വലൻസിയയോട് 4-1 ന്റെ തോൽവി രുചിച്ച റയൽ വിയ്യാറയലുമായി 1-1 സമനിലയിൽ കുരുങ്ങി. എന്നാൽ രണ്ട് ഗോളിന് ഇന്ററിനെ വീണ്ടും കീഴ്ടക്കിയതോടെ ആരാധകർക്ക്‌ ആശ്വാസമായി. പക്ഷെ അലാവസ്, ഷാക്തർ എന്നിവരോട് റയൽ വീണ്ടും തോൽക്കുകയും ചെയ്തു. ഇനി സിദാനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷകളാണ്. ലീഗിൽ കരുത്തരായ സെവിയ്യയാണ് എതിരാളികൾ. അതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിനെയാണ് നേരിടാനുള്ളത്
യൂറോപ്പ ലീഗിലേക്ക് താഴുന്നതിന്റെ വക്കിലാണ് റയൽ. അതിന് ശേഷം റയൽ നേരിടേണ്ടത് അത്‌ലെറ്റിക്കോ മാഡ്രിഡിനെയാണ്. ചുരുക്കിപറഞ്ഞാൽ സിദാൻ നീങ്ങുന്നത് ഊരാകുടുക്കിലേക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *