കരാർ പുതുക്കാനുള്ള റയൽ മാഡ്രിഡിന്റെ ആദ്യ ഓഫർ നിരസിച്ച് സൂപ്പർ താരം !

ഈ സീസണിന്റെ അവസാനത്തോട് കൂടി കരാർ അവസാനിക്കുന്ന മൂന്ന് റയൽ മാഡ്രിഡ്‌ താരങ്ങളായിരുന്നു ലുക്കാ മോഡ്രിച്ച്, സെർജിയോ റാമോസ്, ലുക്കാസ് വാസ്ക്കസ് എന്നിവർ. ഇതിൽ ലുക്കാ മോഡ്രിച്ച് റയൽ മാഡ്രിഡുമായി ദിവസങ്ങൾക്ക്‌ മുമ്പ് കരാർ പുതുക്കി. ഒരു വർഷത്തേക്ക്‌ കൂടിയാണ് താരം കരാർ നീട്ടിയത്. മാത്രമല്ല, സാലറി കുറക്കാനും താരം സമ്മതിച്ചിരുന്നു. അതേസമയം സെർജിയോ റാമോസിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. റാമോസിന്റെ ആവിശ്യം റയൽ അംഗീകരിക്കാത്തതാണ് അതിന് തടസ്സമായി നിൽക്കുന്നത്. എന്നാലിപ്പോഴിതാ കരാർ പുതുക്കാനുള്ള റയൽ മാഡ്രിഡിന്റെ ആദ്യ ഓഫർ ലുക്കാസ് വാസ്ക്കസ് നിരസിച്ചിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഓഫറിന്റെ വിശദീകരണങ്ങളോ വാസ്ക്കസ് നിരസിക്കാനുള്ള കാരണങ്ങളോ മാർക്ക പുറത്ത് വിട്ടിട്ടില്ല.

ഇരുപത്തിയൊമ്പതുകാരനായ താരം റയൽ മാഡ്രിഡിലൂടെയാണ് വളർന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. കാർവഹലിനും ഓഡ്രിയോസോളക്കും പരിക്കേറ്റ സമയത്ത് ഫുൾ ബാക്ക് ആയി കളിച്ചിരുന്നത് വാസ്ക്കസ് ആയിരുന്നു. പിന്നീട് മുന്നേറ്റനിരയിലും താരം കളിച്ചു തുടങ്ങി. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരം നേടിയത്. താരത്തെ നിലനിർത്താൻ റയൽ മാഡ്രിഡിനും സിദാനും ആഗ്രഹമുണ്ട്. പക്ഷെ സ്ഥിരമായി അവസരം ലഭിക്കാത്തത് ആണ് താരത്തെ അലട്ടുന്ന കാര്യം. ഏതായാലും ഇനിയുള്ള ഓഫറുകൾ വഴി താരം കരാർ പുതുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *