കണക്കുകൾ സാക്ഷി,പടിയിറങ്ങിയത് റയലിന്റെ എക്കാലത്തെയും മികച്ച പരിശീലകൻ!

ഒരിക്കൽ കൂടി സിദാൻ റയലിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു കൊണ്ട് നടന്നകലുകയാണ്. പ്രതിസന്ധികളിൽ പെട്ട ഒരു ടീമിന്റെ കപ്പിത്താനായി വന്ന് ആ ടീമിനെ കരക്കടുപ്പിക്കുക എന്ന ജോലി രണ്ട് തവണ ഭംഗിയായി നിർവഹിച്ചു കൊണ്ടാണ് സിദാൻ രണ്ടാം തവണയും കളമൊഴിയുന്നത്. ഈ സീസണിൽ കിരീടം നേടാനായില്ല എന്ന് മാറ്റി നിർത്തിയാൽ സിദാൻ എന്ന പരിശീലകൻ സമ്പൂർണവിജയമായിരുന്നു. റയലിന്റെ എക്കാലത്തെയും മികച്ച പരിശീലകനാണ് സിദാൻ എന്ന് പറഞ്ഞാൽ പോലും അത്‌ തെറ്റാവില്ല. അത്‌ തന്നെയാണ് കണക്കുകൾ ചൂണ്ടികാണിക്കുന്നതും.

ഇതുവരെ 11 കിരീടങ്ങളാണ് സിദാൻ റയലിന് വേണ്ടി നേടിയിട്ടുള്ളത്.14 കിരീടങ്ങൾ നേടിയ മിഗേൽ മുനോസ് മാത്രമാണ് ഇക്കാര്യത്തിൽ സിദാന് മുന്നിലുള്ളത്.പക്ഷേ സിദാനേക്കാൾ 342 മത്സരങ്ങൾ കൂടുതൽ മുനോസ് പരിശീലിപ്പിച്ചിട്ടുണ്ട് എന്ന് ചേർത്തു വായിക്കുമ്പോഴാണ് സിദാന്റെ മഹത്വം വെളിവാകുന്നത്.കേവലം 263 മത്സരങ്ങൾ മാത്രം പരിശീലിപ്പിച്ച് കൊണ്ടാണ് സിദാൻ 11 കിരീടങ്ങൾ നേടിയിട്ടുള്ളത്.അതായത് ശരാശരി ഓരോ 23 മത്സരങ്ങൾക്കിടയിലും ഓരോ കിരീടങ്ങൾ.3 ചാമ്പ്യൻസ് ലീഗ്, രണ്ട് ലാലിഗ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ്, രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ് എന്നിവയാണ് സിദാൻ നേടിയിട്ടുള്ളത്. കോപ്പ ഡെൽ റേ നേടാൻ കഴിഞ്ഞില്ല എന്ന് മാത്രമാണ് ഒരേയൊരു കുറവ്. 263 മത്സരങ്ങളിൽ 174 മത്സരങ്ങൾ റയൽ വിജയിച്ചിട്ടുണ്ട്.53 എണ്ണം സമനിലയായപ്പോൾ 36 എണ്ണത്തിൽ പരാജയപ്പെട്ടു.ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം തന്റെ നേടികൊടുത്ത ഒരേയൊരു പരിശീലകനെ ലോകത്തൊള്ളൂ. അയാളാണ് ഇപ്പോൾ റയലിനെ തനിച്ചാക്കി നടന്നകലുന്നത്.

Leave a Reply

Your email address will not be published. Required fields are marked *