ഓഡി കാറുകളും ചാർട്ടേഡ് ഫ്ലൈറ്റുകളും,ബാഴ്സ വീണ്ടും പെട്ടു, 15 മില്യൺ പിഴ!

ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അവർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല റഫറിമാർക്ക് കൈക്കൂലി നൽകി എന്ന കേസിലും ബാഴ്സക്ക് ഇതുവരെ തിരിച്ചടികൾ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. പ്രകടനത്തിന്റെ കാര്യമെടുത്ത് പരിശോധിച്ചാലും പഴയ ബാഴ്സയുടെ നിലവാരത്തിലേക്ക് ഉയരാൻ ഇതുവരെ നിലവിലെ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല.

ഇതിനൊക്കെ പുറമേ ബാഴ്സക്ക് മറ്റൊരു തിരിച്ചടി കൂടി ഇപ്പോൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. അതായത് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന്റെ പേരിൽ സ്പാനിഷ് ടാക്സ് അതോറിറ്റി ബാഴ്സക്ക് ഇപ്പോൾ പിഴ ചുമത്തിയിട്ടുണ്ട്. 15.7 മില്യൺ യൂറോ ഫൈൻ ആയിക്കൊണ്ട് ബാഴ്സക്ക് മേൽ ചുമത്തപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2015ലാണ് ഈ ക്രമക്കേടുകൾ നടന്നിട്ടുള്ളത്,2019 ലാണ് നിലവിലെ ഈ അന്വേഷണം ആരംഭിച്ചിരുന്നത്. കരാർ റദ്ദാക്കിയതിന്റെ പേരിൽ ബാഴ്സയുടെ താരങ്ങളായിരുന്ന അലക്സ് സോങ്,ആർദ്ദ തുറാൻ എന്നിവർക്ക് ബാഴ്സ നഷ്ടപരിഹാരം നൽകിയിരുന്നു.എന്നാൽ കണക്കുകളിൽ അത് കൃത്യമായി ബാഴ്സ രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല താരങ്ങൾക്ക് ക്ലബ്ബ് ഓഡി കാറുകളും ചാർട്ടേഡ് ഫ്ലൈറ്റുകളും അനുവദിച്ചു നൽകിയിരുന്നു.ഇത് ശമ്പളത്തിന്റെ ഭാഗമായിരുന്നില്ല.

ഇതിന്റെ കണക്കുകളും ഇവർ രേഖപ്പെടുത്തിയിരുന്നില്ല. ഇതൊക്കെയാണ് ഇപ്പോൾ സ്പാനിഷ് ടാക്സ് അതോറിറ്റി കണ്ടെത്തിയിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ. ഇതിന്റെ പരിണിതഫലമായി കൊണ്ടാണ് ബാഴ്സക്ക് ഇപ്പോൾ ഫൈൻ ചുമക്കപ്പെട്ടത്. ഏതായാലും ഈ ഭീമമായ ബാഴ്സക്ക് കൂടുതൽ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടി സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടയാണ് ഈയൊരു തിരിച്ചടി കൂടി ഇപ്പോൾ ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *