ഒൽമോ ഇന്ന് കളിക്കുമോ?താരത്തിന് സംഭവിച്ചതെന്ത്? ഫ്ലിക്ക് വ്യക്തമാക്കുന്നു!
ലാലിഗയിലെ ആദ്യ മത്സരത്തിനു വേണ്ടി എഫ്സി ബാഴ്സലോണ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ വലൻസിയയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് ഈ മത്സരം നടക്കുക.വലൻസിയയുടെ മൈതാനമായ മെസ്റ്റയ്യയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സൈനിങ്ങ് മാത്രമാണ് ബാഴ്സലോണ നടത്തിയിട്ടുള്ളത്. സ്പാനിഷ് സൂപ്പർ താരമായ ഡാനി ഒൽമോയെ ലീപ്സിഗിൽ നിന്നാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.എന്നാൽ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം കളിക്കില്ല.സാമ്പത്തിക പ്രശ്നങ്ങൾ കാരണം താരത്തെ രജിസ്റ്റർ ചെയ്യാനും ബാഴ്സലോണ കഴിഞ്ഞിട്ടില്ല. മാത്രമല്ല ശാരീരികമായി താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുമില്ല. ഇതേക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഈ മത്സരം കളിക്കാൻ വേണ്ടിയുള്ള ശാരീരിക ക്ഷമത കൈവരിക്കാൻ ഒൽമോക്ക് സാധിച്ചിട്ടില്ല.ഞങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.എല്ലാവർക്കും കളിക്കാൻ അവസരം നൽകുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതോടൊപ്പം തന്നെ പരിക്കുകൾ ഒഴിവാക്കാനും ഞങ്ങൾ ശ്രദ്ധിക്കണം.പരിക്കുകൾ ഒന്നുമില്ലാതെ എല്ലാവരും ട്രെയിനിങ് നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിലുള്ള സങ്കീർണതകളിൽ ഞാൻ ശ്രദ്ധിക്കുന്നില്ല. മറിച്ച് മത്സരത്തിൽ മാത്രമാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. ഒരു മികച്ച മത്സരം ഞങ്ങൾക്ക് കളിക്കേണ്ടതുണ്ട് ‘ഇതാണ് ബാഴ്സലോണ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഹാൻസി ഫ്ലിക്കിന് കീഴിലുള്ള ആദ്യ ഒഫീഷ്യൽ മത്സരത്തിനു വേണ്ടിയാണ് ബാഴ്സലോണ ഇന്ന് ഇറങ്ങുന്നത്. ഇതിന് മുൻപ് ജോയൻ ഗാമ്പർ ട്രോഫിയിൽ മൊണാക്കൊയോട് ഒരു വലിയ തോൽവി ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ പരാജയപ്പെട്ടിരുന്നത്. അതെല്ലാം മറന്നുകൊണ്ട് ഇന്നത്തെ മത്സരത്തിൽ വിജയിച്ചു തുടങ്ങുക എന്നതാണ് ബാഴ്സയുടെ ലക്ഷ്യം.