ഒസാസുനയും ഗോൾകീപ്പറും ബെൻസിമയുടെ പേടിസ്വപ്നമാകുമ്പോൾ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഒസാസുനയാണ് റയലിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. റയലിന്റെ ഗോൾ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നേടിയപ്പോൾ ഒസാസുനയുടെ ഗോൾ കീകെയാണ് നേടിയിട്ടുള്ളത്.
ഈ മത്സരത്തിന്റെ 79ആം മിനിറ്റിൽ റയലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് റയൽ നിരയിൽ തിരിച്ചെത്തിയ സൂപ്പർതാരം കരിം ബെൻസിമ പെനാൽറ്റി പാഴാക്കുകയായിരുന്നു. ഒരുപക്ഷേ അത് ഗോളാക്കിയിരുന്നെങ്കിൽ റയലിന് വിജയം നേടാൻ സാധിക്കുമായിരുന്നു.
ഒസാസുനയും ഗോൾകീപ്പറായ സെർജിയോ ഹെരേരയും കരിം ബെൻസിമയുടെ പേടിസ്വപ്നമാകുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതിന് കാരണവുമുണ്ട്. അതായത് 2009ൽ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്തതിനുശേഷം ഇതുവരെ കേവലം 5 പെനാൽറ്റികൾ മാത്രമാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് പെനാൽറ്റികളും ഒസാസുനയുടെ ഗോൾകീപ്പറായ സെർജിയോ ഹെരേരക്കെതിരെയായിരുന്നു.
ഈ മൂന്ന് പെനാൽറ്റികളും നഷ്ടപ്പെടുത്തി കളഞ്ഞത് 2022ലാണ് എന്നതുകൂടി ചേർത്ത് വായിക്കേണ്ട ഒരു കാര്യമാണ്.കഴിഞ്ഞ ഏപ്രിൽ ഇരുപതാം തീയതി നടന്ന മത്സരത്തിൽ ഒസാസുനയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്താൻ റയലിന് സാധിച്ചിരുന്നു. എന്നാൽ ആ മത്സരത്തിൽ രണ്ട് പെനാൽറ്റികളാണ് ബെൻസിമ പാഴാക്കിക്കളഞ്ഞത്.ബെൻസിമയുടെ പെനാൽറ്റികൾ സേവ് ചെയ്തതിനെ പറ്റി ഹെരേരയോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Karim Benzema's missed penalty gives Real Madrid a draw to Osasuna 😳 pic.twitter.com/u5G8mZqxeq
— GOAL (@goal) October 2, 2022
” ബെൻസിമയുടെ ഉള്ളിൽ എനിക്ക് കയറിപ്പറ്റാനൊന്നും സാധിക്കില്ലല്ലോ. ഒരുപക്ഷേ ഞാൻ ഗോൾപോസ്റ്റിന്റെ ഒത്ത മധ്യത്തിലാണ് നിൽക്കാറുള്ളത്. അതൊരു പക്ഷേ ബെൻസിമ പെനാൽറ്റി എടുക്കുന്ന രീതികളെ സ്വാധീനിക്കാറുണ്ടാവും ” ഇതാണ് ഹെരേര പറഞ്ഞത്.
ഏതായാലും പെനാൽറ്റി യുടെ കാര്യത്തിൽ ബെൻസിമയുടെ പേടിസ്വപ്നമാണ് സെർജിയോ ഹെരേര. പക്ഷേ താരം ഇതിന് ഒരു അറുതി വരുത്തുമെന്നാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

