ഒരു വർഷം മുമ്പ് റെലഗേഷൻ സോണിൽ, ഇന്ന് ബാഴ്സയിലെ സ്ഥിരസാന്നിധ്യം, ബ്രൈത്വെയിറ്റിന്റെ കഥയിങ്ങനെ !

എത്രപെട്ടന്നാണ് ഫുട്ബോൾ ജീവിതം മാറിമറിയുക എന്നുള്ളതിനുള്ള ഉത്തമഉദാഹരണമാണ് മാർട്ടിൻ ബ്രൈത്വെയിറ്റ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് താരം ലെഗാനസിന്റെ താരമായിരുന്നു. ലെഗാനസാവട്ടെ റെലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലുമായിരുന്നു. എന്നാൽ 2020 എന്ന വർഷം താരത്തിന്റെ ഫുട്ബോൾ ജീവിതം മാറ്റിമറിച്ചു. ജനുവരി ട്രാൻസ്ഫറിൽ പരിക്ക് മൂലം പുറത്തിരിക്കുന്ന ഡെംബലെയുടെ സ്ഥാനത്തേക്ക് എന്ന രൂപേണ മാർട്ടിൻ ബ്രൈത്വെയിറ്റിനെ ബാഴ്‌സ ടീമിൽ എത്തിച്ചു. താരത്തിന്റെ റിലീസ് ക്ലോസായിരുന്ന 18 മില്യൺ യൂറോ നൽകിയാണ് ബാഴ്സ താരത്തെ സ്വന്തമാക്കിയത്. ഇത് വിമർശനങ്ങൾക്ക് കാരണമായി. കഴിഞ്ഞ സീസണിൽ കേവലം 11 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. നാല് മത്സരങ്ങളിൽ മാത്രം സ്റ്റാർട്ട്‌ ചെയ്ത താരം ആകെ കളിച്ചത് 406 മിനുട്ടുകളാണ് കളിച്ചത്. സെൽറ്റ വിഗോക്കെതിരെ ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

തുടർന്ന് ബാഴ്സ തകർന്നടിഞ്ഞപ്പോൾ താരത്തെ ക്ലബ് വിൽക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താരം ബാഴ്സയിൽ തന്നെ തുടർന്നു. പക്ഷെ ഈ നവംബർ വരെ കൂമാന് കീഴിൽ താരത്തിന് വേണ്ട വിധത്തിലുള്ള അവസരങ്ങൾ ലഭിച്ചില്ല. ആറു മത്സരങ്ങളിൽ നിന്ന് കേവലം 47 മിനുട്ടുകൾ മാത്രമാണ് ബ്രൈത്വെയിറ്റ് കളിച്ചത്. എന്നാൽ നവംബർ 24-ന് ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെ നടന്ന മത്സരത്തിൽ താരം ഇരട്ടഗോളുകൾ സ്വന്തമാക്കിയതോടെ കൂമാൻ താരത്തിന് സ്ഥിരമായി അവസരങ്ങൾ നൽകുകയായിരുന്നു. തുടർന്ന് നടന്ന എട്ട് മത്സരങ്ങളിൽ താരം ആദ്യ ഇലവനിൽ തന്നെ ഇടം നേടുകയും അഞ്ച് ഗോളുകൾ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ താരത്തെ കൂമാൻ പ്രശംസിക്കുകയും ചെയ്തിരുന്നു. ഏതായാലും ഇനിയുള്ള മത്സരങ്ങളിൽ ബാഴ്‌സയുടെ ഒമ്പതാം നമ്പർ പൊസിഷനിൽ ബ്രൈത്വെയിറ്റുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *