ഒരു മഹത്തായ യോദ്ധാവ്: പെപേക്ക് റാമോസിന്റെ സന്ദേശം!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള പോർച്ചുഗീസ് ഇതിഹാസമാണ് പെപേ. കൃത്യമായി പറഞ്ഞാൽ 2007 മുതൽ 2017 വരെ 10 വർഷക്കാലം ഇദ്ദേഹം റയലിന്റെ പ്രതിരോധ നിരയിൽ ഉണ്ടായിരുന്നു.പെപേയും സെർജിയോ റാമോസും അണിനിരക്കുന്ന റയലിന്റെ ഡിഫൻസ് ഏവരെയും ഭയപ്പെടുത്തിയ ഒന്നായിരുന്നു.ഇരുവരും ഒരുമിച്ച് ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്നലെ പെപേ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. 41 വയസ്സിലാണ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും അദ്ദേഹം പടിയിറങ്ങുന്നത്.തന്റെ ഉറ്റ സുഹൃത്തിന് ഒരു വിടവാങ്ങൽ സന്ദേശം സെർജിയോ റാമോസ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ നൽകിയിട്ടുണ്ട്.ഒരു മഹത്തായ പോരാളി എന്നാണ് റാമോസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരുപാട് മത്സരങ്ങളിൽ എന്നോടൊപ്പം കളിക്കളം പങ്കു വെച്ചിട്ടുള്ള, കിരീടങ്ങളും വിജയങ്ങളും പങ്കുവെച്ചിട്ടുള്ള ഒരു മഹത്തായ പോരാളിയാണ് നിങ്ങൾ.നിങ്ങളോടൊപ്പം കളിക്കാൻ കഴിഞ്ഞത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് സഹോദരാ. നിങ്ങളെപ്പോലെ വളരെ കുറച്ചുപേർ മാത്രമാണ് ഇവിടെയുള്ളത്.നിങ്ങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടം ആസ്വദിക്കൂ.ഞാൻ എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് സെർജിയോ റാമോസ് എഴുതിയിട്ടുള്ളത്.
പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോക്ക് വേണ്ടിയായിരുന്നു ഏറ്റവും ഒടുവിൽ ഈ താരം കളിച്ചിരുന്നത്. കഴിഞ്ഞ യൂറോ കപ്പിലും പെപേ പങ്കെടുത്തിരുന്നു എന്നുള്ളത് മാത്രമല്ല മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.കരിയറിൽ ആകെ 878 മത്സരങ്ങൾ കളിച്ച ഈ ഡിഫൻഡർ 34 കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 141 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.