ഒരു ബില്യൺ..!
ചരിത്രം കുറിച്ച് റയൽ!
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നടത്തിയിട്ടുള്ളത്.ബെൻസിമയെ നഷ്ടമായിട്ടും അത് അവരെ ബാധിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊണ്ട് അവർ റെക്കോർഡ് പുതുക്കി. കൂടാതെ ലാലിഗ കിരീടവും അവർ സ്വന്തമാക്കിയിരുന്നു.റയൽ മാഡ്രിഡ് താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.
ഇപ്പോഴിതാ സാമ്പത്തികപരമായും റയൽ മാഡ്രിഡ് വലിയ കുതിപ്പാണ് നടത്തുന്നത്. അതായത് 2023/24 സീസണിലെ റയൽ മാഡ്രിഡിന്റെ വരുമാനം 1073 മില്യൺ യൂറോയാണ്. അതായത് ഒരു ബില്യൺ യൂറോ പിന്നിട്ട് കഴിഞ്ഞു എന്നർത്ഥം. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു ക്ലബ്ബ് ഒരു സീസണിൽ ഒരു ബില്യൺ യൂറോ വരുമാനമായി കൊണ്ട് സ്വന്തമാക്കുന്നത്. മറ്റാർക്കും സാധിക്കാത്ത ഒരു ചരിത്രത്തിലേക്കാണ് റയൽ കാലെടുത്ത് വെച്ചിരിക്കുന്നത്.
റയൽ മാഡ്രിഡ് തന്നെയാണ് തങ്ങളുടെ വരുമാനത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞവർഷം 843 മില്യൺ യൂറോയായിരുന്നു റയൽ മാഡ്രിഡിന്റെ വരുമാനം.അതാണ് ഇപ്പോൾ ഒരു ബില്യണും കടന്നിരിക്കുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ചു വരുമാനത്തിൽ 27% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ലാഭത്തിന്റെ കാര്യത്തിലേക്ക് വന്നാൽ 16 മില്യൺ യൂറോയാണ് റയൽ ലാഭമായി കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്.574 മില്യൺ യൂറോയാണ് ക്ലബ്ബിന്റെ നെറ്റ് വർത്തായി കൊണ്ട് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ വരുമാനം ഇനിയും വർദ്ധിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാരണം ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എംബപ്പേയെ അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇത് വരുമാനം വർദ്ധിക്കാൻ അവരെ ഏറെ സഹായിക്കും. വരുന്ന സീസണിലും ഒരു ബില്ല്യണിന് മുകളിൽ വരുമാനം നേടാൻ കഴിയും എന്ന് തന്നെയാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്.