ഒരു താരത്തെയും ഞാൻ നശിപ്പിക്കുകയില്ല : കൂമാൻ !

ഈ സീസണിലെ മോശം പ്രകടനത്തിൽ നിന്നും ഇതുവരെ കരകയറാൻ എഫ്സി ബാഴ്സലോണക്ക്‌ സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ബാഴ്സ പരാജയം രുചിക്കുകയായിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ യുവന്റസിനോട് തകർന്നടിഞ്ഞത്.അതിനാൽ തന്നെ ഈ തോൽവിയുടെ ക്ഷീണം മറക്കാൻ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സക്ക്‌ വിജയം അനിവാര്യമാണ്. ലീഗിൽ ലെവാന്റെയെയാണ് ബാഴ്സ നേരിടുന്നത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ കാഡിസിനോട് ബാഴ്‌സ അട്ടിമറിതോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിനാൽ തന്നെ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ബാഴ്സ. ഇപ്പോഴിതാ താരങ്ങൾ തന്നിൽ പൂർണ്ണമായും വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൂമാൻ. അല്ലാത്ത പക്ഷം തനിക്കിവിടെ പ്രവർത്തിക്കാൻ കഴിയില്ലായിരുന്നുവെന്നും കൂമാൻ അറിയിച്ചു. താൻ ഒരു താരത്തെയും നശിപ്പിക്കുകയില്ലെന്നും കൂമാൻ കൂട്ടിച്ചേർത്തു.ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ.

” എന്റെ താരങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം എനിക്കിവിടെ പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ പുരോഗതി പ്രാപിക്കാനാണ് ശ്രമിക്കുന്നത്. പുതിയ മത്സരഫലങ്ങളിൽ നിന്നും പാഠമുൾക്കൊള്ളെണ്ടതുണ്ട്. ഞാൻ എന്റെ താരങ്ങളെ ബഹുമാനിക്കാനും അവർക്ക് പിന്തുണ നൽകാനുമാണ് ശ്രമിക്കുന്നത്. പക്ഷെ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ ഞാൻ അത്‌ അവരോട് പറയും. ഞാൻ ഒരു താരത്തെയും നശിപ്പിക്കുകയില്ല. എനിക്ക് ഒരു താരത്തെ കുറിച്ച് പറയാനുണ്ടെങ്കിൽ, ഞാൻ അക്കാര്യം ആദ്യമേ അവരുമായി ചർച്ച ചെയ്തിട്ടുണ്ടാവും ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *