ഒഫീഷ്യൽ: ലൂയിസ് സുവാരസ് ഇനി അത്‌ലെറ്റിക്കോ മാഡ്രിഡിനൊപ്പം !

അങ്ങനെ ആ ട്രാൻസ്ഫർ വാർത്തകൾക്കും വിരാമമായി. ബാഴ്സയുടെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസ് ഇനി ലാലിഗയിലെ തന്നെ മറ്റൊരു വമ്പൻമാരായ അത്‌ലെറ്റിക്കോ മാഡ്രിഡിനൊപ്പം തുടരും. ഇന്നലെയാണ് ഇരുക്ലബുകളും തമ്മിൽ കരാറിൽ എത്തിയതായി ഔദ്യോഗികസ്ഥിരീകരണം വന്നത്. രണ്ട് വർഷത്തെ കരാറിലാണ് താരം അത്‌ലെറ്റിക്കോയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ട്രാൻസ്ഫർ ഫീ ആയി ബാഴ്സക്ക് ഒന്നും ലഭിക്കില്ല എന്നാണ് അറിയാൻ കഴിയുന്നതെങ്കിലും മൊത്തത്തിൽ ആറു മില്യൺ യുറോ തങ്ങൾക്ക് ലഭിക്കുമെന്നാണ് ബാഴ്സയുടെ വാദം. ഇതോടെ ബാഴ്സയുടെ ഇതിഹാസതാരങ്ങളിൽ ഒരാളാണ് ക്ലബ്ബിന് പുറത്തേക്ക് പോവുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ഈ ആറു വർഷക്കാലം ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സുവാരസ്. 2014-ലായിരുന്നു താരം ലിവർപൂളിൽ നിന്നും ബാഴ്സയിൽ എത്തിയത്.

റയൽ മാഡ്രിഡിനെതിരെ അരങ്ങേറ്റം കുറിച്ച താരം ലീഗിൽ കോർഡൊബക്കെതിരെയാണ് ആദ്യ ലീഗ് ഗോൾ കണ്ടെത്തിയത്. തുടർന്ന് അപോയിലിനെതിരെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളും നേടി. ആറു സീസണിനുള്ളിൽ പതിമൂന്ന് കിരീടങ്ങളാണ് താരം നേടിയത്. നാല് ലാലിഗയും ഒരു ചാമ്പ്യൻസ് ലീഗും നാല് കോപ്പ ഡെൽ റേയും ഒരു ക്ലബ് വേൾഡ് കപ്പ്, ഒരു യൂറോപ്യൻ സൂപ്പർ കപ്പ്, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ താരം ബാഴ്സയോടൊപ്പം നേടിയിട്ടുണ്ട്. 2015/16-ൽ ക്ലബ്ബിനോടൊപ്പം ഗോൾഡൻ ഷൂ താരം നേടിയിട്ടുണ്ട്. ലാലിഗയിൽ നാൽപതും ആകെ 59-ഉം ഗോളുകളാണ് താരം ആ സീസണിൽ നേടിയത്. 283 മത്സരങ്ങളിൽ നിന്ന് 198 ഗോളുകൾ താരം ആകെ നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറെർമാരിൽ മൂന്നാമത്തെ താരമാണ് സുവാരസ്. മെസ്സിയും സെസാറും മാത്രമാണ് താരത്തിന് മുകളിൽ ഉള്ളത്. ക്ലബ്ബിനായി 97 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *