ഒഫീഷ്യൽ : റയൽ മാഡ്രിഡിൽ നിന്നും ഹാമിഷ് റോഡ്രിഗസിനെ എവെർട്ടൺ സ്വന്തമാക്കി !

ഒടുവിൽ ഹാമിഷ് റോഡ്രിഗസിനെ തങ്ങൾ ഗൂഡിസൺ പാർക്കിലെത്തിച്ചതായി എവെർട്ടൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെയാണ് എവെർട്ടൻ തങ്ങളുടെ സോഷ്യൽ മീഡിയ വഴി റയൽ മാഡ്രിഡിൽ നിന്നും റോഡ്രിഗസിനെ തങ്ങൾ റാഞ്ചിയതായി ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഇരുപത്തിയൊമ്പതുകാരനായ ഈ താരത്തെ ഇരുപത് മില്യൺ പൗണ്ടിനാണ് എവെർട്ടൻ സ്വന്തമാക്കിയത്. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. നിലവിലെ എവെർട്ടൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് റോഡ്രിഗസ്. റയൽ മാഡ്രിഡിൽ ആയിരുന്ന കാലത്തും ബയേൺ മ്യൂണിക്കിൽ ആയിരുന്ന കാലത്തും താരത്തെ ടീമിലെത്തിക്കാൻ മുൻകൈ എടുത്തത് ആഞ്ചലോട്ടി ആയിരുന്നു. ഇപ്പോൾ എവെർട്ടണിലും താരത്തെ എത്തിച്ചു കൊണ്ട് ആ ബന്ധം ഊട്ടിയുറപ്പിച്ചു.

എവെർട്ടണിൽ എത്തിയതിൽ ഹാമിഷ് റോഡ്രിഗസ് സന്തോഷം പ്രകടിപ്പിക്കാനും മറന്നില്ല. ” എന്റെ കരിയറിലെ പുതിയൊരു വെല്ലുവിളിയുടെ ഘട്ടം ആരംഭിക്കുന്നു. ഞാൻ സന്തോഷവാനാണ്. ആത്മാർത്ഥയോട് കൂടെയും ആഗ്രഹങ്ങളോട് കൂടെയും ഞാൻ ഇവിടെ തുടക്കം കുറിക്കും ” ഇതായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2014-ലെ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനത്തെ തുടർന്നാണ് റോഡ്രിഗസ് ഇത്രയേറെ പ്രശസ്തി പിടിച്ചു പറ്റിയത്. തുടർന്ന് 2014-ൽ മൊണോക്കോയിൽ നിന്ന് റയൽ മാഡ്രിഡ്‌ താരത്തെ റാഞ്ചി. എന്നാൽ പ്രതീക്ഷിച്ച പോലെ താരത്തിന് തിളങ്ങാനായില്ല. തുടർന്ന് 2017-ൽ താരം ബയേൺ മ്യൂണിക്കിലേക്ക് രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ചേക്കേറി. ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെങ്കിലും രണ്ടു വർഷത്തിന് ശേഷം താരം തിരികെ റയലിൽ തന്നെ എത്തി. എന്നാൽ സിദാന് കീഴിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ താരം ക്ലബ് വിടാൻ അനുമതി ചോദിക്കുകയായിരുന്നു. താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറാൻ സിദാനും റയലിനോട് ആവിശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *