ഒഫീഷ്യൽ: തിയാഗോ ബാഴ്സലോണയിൽ തിരിച്ചെത്തി!
ദിവസങ്ങൾക്ക് മുൻപായിരുന്നു സ്പാനിഷ് സൂപ്പർ താരമായിരുന്ന തിയാഗോ അൽക്കന്റാറ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.33ആം വയസ്സിൽ തന്നെ ഫുട്ബോൾ അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. അതുകൊണ്ടാണ് തന്റെ കരിയറിന് നേരത്തെ തന്നെ അദ്ദേഹം വിരാമം കുറിച്ചത്.
ഏറ്റവും ഒടുവിൽ അദ്ദേഹം ലിവർപൂളിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഇപ്പോഴിതാ അദ്ദേഹം തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ബാഴ്സ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കോച്ചിംഗ് സ്റ്റാഫിലാണ് അദ്ദേഹം ജോയിൻ ചെയ്തിട്ടുള്ളത്.പക്ഷേ ഇത് താൽക്കാലികമാണ്. ബാഴ്സലോണ തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
വരുന്ന കുറച്ച് ആഴ്ചകൾ തിയാഗോ ഫ്ലിക്കിനൊപ്പം ബാഴ്സലോണയിൽ ഉണ്ടാകും. അമേരിക്കയിൽ വെച്ച് നടക്കുന്ന ബാഴ്സയുടെ പ്രീ സീസൺ ടൂറിലാണ് ഇദ്ദേഹം ഉണ്ടാവുക.ബയേൺ മ്യൂണിക്കിൽ വെച്ച് ഫ്ലിക്കിന് കീഴിൽ കളിച്ചിട്ടുള്ള താരമാണ് തിയാഗോ. 2020ലായിരുന്നു ഇവർ രണ്ടുപേരും ചേർന്നുകൊണ്ട് ബയേണിൽ ട്രിബിൾ കിരീട നേട്ടം സ്വന്തമാക്കിയത്.
ബാഴ്സയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് തിയാഗോ.101 മത്സരങ്ങൾ അദ്ദേഹം ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് 2013 ൽ താരം ബയേണിലേക്ക് പോവുകയായിരുന്നു. പിന്നീട് ലിവർപൂളിൽ നാല് വർഷം ചെലവഴിച്ചു.98 മത്സരങ്ങളാണ് ആകെ കളിച്ചത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം കേവലം ഒരു മത്സരം മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്.ലിവർപൂളുമായി കരാർ അവസാനിച്ചതോടെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റോളിൽ അദ്ദേഹം തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുള്ളത്.